ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും ക്രമക്കേട്; വോട്ടുയന്ത്രത്തില്‍ 8,666 വോട്ടുകള്‍ കൂടുതലെന്ന്, ഹൈക്കോടതിയില്‍ ഹരജി
ഭുവനേശ്വര്‍: ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായി ഇവിഎം ക്രമക്കേട് ആരോപിക്കുമ്പോൾ ഏപ്രിൽ 18ന് നടന്ന ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും ക്രമക്കേട് കണ്ടെത്തിയെന്ന് ഹൈക്കോടതിയിൽ ഹരജി. ഒഡിഷയിലെ കന്തബന്ജി മണ്ഡലത്തിലെ വോട്ടുയന്ത്രത്തില്‍ പോള്‍ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വ്യത്യാസമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് രൂപേഷ് ബെഹ്റയെന്ന വോട്ടറാണ് ഹൈകോടതിയില്‍ ഹരജി നൽകിയിരിക്കുന്നത്. 1,82,411 വോട്ടാണ് പോള്ചെയ്തതെന്നും എന്നാല്‍, 1,91,077 വേട്ട് എണ്ണിയെന്നും രൂപേഷ് ബെഹറ നല്കിയ ഹരജിയില്‍ ആരോപിച്ചു. 8,666 വോട്ടുകളുടെ വ്യത്യാസമാണുള്ളത്. തിരഞ്ഞെടുപ്പിനുശേഷം തിരഞ്ഞെടുപ്പ് കമീഷന് സ്ഥാനാര്‍ഥികള്‍ക്ക് നല്കിയ കണക്കുകളാണ് പരാതിക്കാരന് ഹാജരാക്കിയത്. തിരഞ്ഞെടുപ്പ് ദിവസം കമ്മീഷന് നല്കിയ കണക്കുപ്രകാരം 90,629 പുരുഷന്മാരും 91,782 സ്ത്രീകളുമാണ് വോട്ടുചെയ്തത്. 1,82,411 വോട്ടുകള്‍. പോളിങ് 65.2 ശതമാനം. എന്നാല്‍, മേയ് 23ന് തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍ മണ്ഡലത്തില്‍ വോട്ടുചെയ്തവരുടെ എണ്ണം 1,91,077 ആണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്തോഷ് സിങ് സലുജ 144 വോട്ടിനാണ് ഇവിടെനിന്ന് ജയിച്ചത്.
വോട്ടെണ്ണിയ ദിവസം വോട്ടുയന്ത്രത്തില്‍ 8,666 വോട്ടുകള്‍ കൂടുതലാണെന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണിച്ചുവെന്നും പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന് പോള്‍ചെയ്ത വോട്ടുകള്‍ വെബ്സൈറ്റില്‍ തിരുത്തിയെന്നും ഹരജിക്കാരന് ആരോപിച്ചു.