പൗരത്വ ഭേദഗതി ബില്ല്: ഭരണഘടനയുടെ നഗ്‌നമായ ലംഘനമെന്ന് പികെ കുഞ്ഞാലികുട്ടി എംപി
ബില്ല് നിയമമാവുകയാണങ്കില്‍ ബില്ലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് പാര്‍ട്ടി സുപ്രിംകോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയത് കൃത്യമായ വിവേചനമാണന്ന് പികെ കുഞ്ഞാലികുട്ടി എംപി. ബില്ല് അവതരണാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് ബില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസംഗത്തിനിടെ ആഭ്യന്തരമന്ത്രി അമിത്ഷാ കുഞ്ഞാലികുട്ടിക്കെതിരേ രംഗത്തെത്തി. മുസ്‌ലിം സമുദായത്തെ ബില്ലില്‍ പരാമര്‍ശിക്കുന്നില്ലന്നും കുഞാലിക്കുട്ടി പറയുന്നത് സത്യമല്ലന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാ സമുദായങ്ങളേയും പരാമര്‍ശിക്കുകയും ഒരു സമുദായത്തെ മാത്രം ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സര്‍ക്കാറിന്റെ ഉദ്ദേശം വ്യക്തമാണന്നും കുഞ്ഞാലികുട്ടി തിരിച്ചടിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരേ മുസ്‌ലിം ലീഗ് എംപിമാര്‍ രാവിലെ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. മതേതരജനാധിപത്യ കക്ഷികളുമായി ചേര്‍ന്ന് ബില്ല് നിയമമാവാതിരിക്കാന്‍ സാധ്യമായതല്ലാം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞാലിക്കുട്ടി വിജയ് ചൗക്കില്‍ മാധ്യമപ്രവര്‍കരോട് പറഞ്ഞു. ബില്ല് നിയമമാവുകയാണങ്കില്‍ ബില്ലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് പാര്‍ട്ടി സുപ്രിംകോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, നവാസ് കനി എന്നിവര്‍ പ്രത്രസമ്മേളനത്തില്‍ പങ്കെടുത്തു.