സന്നദ്ധ സംഘടനകളുടെ വിദേശസഹായം: മതപരിവര്‍ത്തനത്തിനു നടപടി നേരിട്ടിട്ടില്ലെന്ന് അംഗങ്ങള്‍ സത്യവാങ്മൂലം നല്‍കണം

നേരത്തേ, വിദേശ സാമ്പത്തിക സഹായം സ്വീകരിക്കാനുള്ള അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ സ്ഥാപന മേധാവി മാത്രം സത്യവാങ്മൂലം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സന്നദ്ധ സംഘടനകളുടെ ജീവനക്കാരും അംഗങ്ങളും അടക്കമുള്ളവര്‍ക്കാണ് പുതിയ നിര്‍ദേശം ബാധകമാക്കിയത്.

Update: 2019-09-17 08:15 GMT

ന്യൂഡല്‍ഹി: സന്നദ്ധസംഘടനകളുടെ വിദേശ സാമ്പത്തിക സഹായത്തിനു കടുത്ത നടപടിയുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം. വിദേശ സഹായം സ്വീകരിക്കുന്ന എല്ലാ സന്നദ്ധ സംഘടനകളുടെയും ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവര്‍ത്തനത്തിന്റെ പേരില്‍ നിയമനടപടി നേരിട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം. വിദേശ സഹായ നിയമം 2011ല്‍ ഭേദഗതി വരുത്തിയാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. നേരത്തേ, വിദേശ സാമ്പത്തിക സഹായം സ്വീകരിക്കാനുള്ള അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ സ്ഥാപന മേധാവി മാത്രം സത്യവാങ്മൂലം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സന്നദ്ധ സംഘടനകളുടെ ജീവനക്കാരും അംഗങ്ങളും അടക്കമുള്ളവര്‍ക്കാണ് പുതിയ നിര്‍ദേശം ബാധകമാക്കിയത്. ഒരു മതവിശ്വാസത്തില്‍നിന്ന് മറ്റൊരു മതവിശ്വാസത്തിലേക്ക് പരിവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നിയമനടപടിക്ക് വിധേയപ്പെടുകയോ കുറ്റവാളിയെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും സാമുദായിക സൗഹാര്‍ദം തകര്‍ക്കുകയോ വിദ്വേഷമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം.

    സന്നദ്ധ സംഘടനയിലെ അംഗങ്ങള്‍ ഒരു ലക്ഷം രൂപയ്ക്കു മേലുള്ള തുകയുടെ വ്യക്തിപരമായ ഉപഹാരങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതേക്കുറിച്ചും വെളിപ്പെടുത്തണം. നേരത്തെ ഇത് 25,000 രൂപവരെയായിരുന്നു. വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കു കേന്ദ്രസര്‍ക്കാര്‍ ഈയിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ചട്ടം ലംഘിച്ചെന്നാരോപിച്ച് 18,000ഓളം സന്നദ്ധ സംഘടനകളുടെ വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.




Tags:    

Similar News