'രാഹുല്‍ ഗാന്ധി സ്ഥിരതയില്ലാത്ത നേതാവ്'; രൂക്ഷവിമര്‍ശനവുമായി പി ജെ കുര്യന്‍
കോട്ടയം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രംഗത്ത്. രാഹുല്‍ സ്ഥിരതയില്ലാത്ത നേതാവാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ പാര്‍ട്ടി പ്രസിഡന്റാവുന്നതാണ് നല്ലതെന്നും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ രാഹുല്‍ അല്ലാതെ മറ്റൊരാള്‍ പാര്‍ട്ടി പ്രസിഡന്റ് ആവണം. പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പറഞ്ഞയാള്‍ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുന്നത് തടയുന്നത് അംഗീകരിക്കാനാവില്ല.
നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളവരായിരിക്കണം എല്ലാ കാലത്തും കോണ്‍ഗ്രസ് പ്രസിഡന്റായി വരണമെന്ന രീതി ന്യായീകരിക്കാനാവില്ല. നടുക്കടലില്‍ കാറ്റിനും കോളിനും ഇടയില്‍ ഉള്‍പ്പെട്ട ഒരു കപ്പലിനെ ഏതുതരത്തില്‍ മുന്നോട്ടുകൊണ്ടുപോവണം. അതാണ് കപ്പിത്താന്‍ ചെയ്യേണ്ടത് എന്നിരിക്കെ രാഹുല്‍ ഒളിച്ചോടിയ നേതാവാണെന്നും കുര്യന്‍ വിമര്‍ശിച്ചു. കൂടിയാലോചനകളില്ലാത്ത ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപ്പതിച്ചിരിക്കുകയാണ്. രാഹുലിന്റെ തീരുമാനങ്ങള്‍ കോക്കസുമായി മാത്രം ആലോചിച്ചുള്ളതാണ്. അനുഭവജ്ഞാനമില്ലാത്ത ചിലരാണ് ഈ കോക്കസിലുള്ളതെന്നും കുര്യന്‍ വിമര്‍ശിച്ചു.
ജി 23 സംഘവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ തുടരുമ്പോഴാണ് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പി ജെ കുര്യന്‍ രംഗത്തെത്തുന്നത്. 2019 ലെ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടി രാഹുല്‍ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവച്ചത് മുതല്‍ കോണ്‍ഗ്രസ് നാഥനില്ലാകളരിയായി. രാജിവച്ചിട്ടും നയപരമായ തീരുമാനങ്ങളെടുക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. അതൊരു ശരിയായ നടപടിയല്ല. പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകളില്ല. തനിക്ക് ചുറ്റുമുള്ള സ്വാധീനമുള്ള കുറച്ചാളുകളുമായി മാത്രം ആലോചിച്ച് രാഹുല്‍ ഗാന്ധി തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്നും അസന്നിഗ്ദമായി കുര്യന്‍ വ്യക്തമാക്കുന്നു. ആദ്യമായാണ് കേരളത്തില്‍ നിന്നൊരു നേതാവ് രാഹുലിനെതിരേ ഇത്രയും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തുന്നത്.