ജമ്മു കശ്മീര്‍ നിയമസഭയില്‍ മൂന്നാം ദിവസവും ബഹളം; ബിജെപി എംഎല്‍എമാരെ പുറത്താക്കി മാര്‍ഷലുകള്‍
ശ്രീനഗര്‍: തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മു കശ്മീര്‍ നിയമസഭയില്‍ ബഹളം.ഇന്ന് ബിജെപി എംഎല്‍എമാര്‍ സഭയുടെ നടുത്തള്ളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. നടുത്തള്ളത്തില്‍ ഇറങ്ങിയ ബിജെപി എംഎല്‍എമാരെ പുറത്താക്കാന്‍ മാര്‍ഷലുകളോട് സ്പീക്കര്‍ അബ്ദുല്‍ റഹീം റാത്തര്‍ ഉത്തരവിട്ടു. തുടര്‍ന്ന് മാര്‍ഷലുകള്‍ ഇവരെ പുറത്താക്കി.ഈ സമയം മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും സഭയില്‍ ഉണ്ടായിരുന്നു.
ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായ പരിഹാരങ്ങള്‍ തേടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ ദിവസം സഭ പാസ്സാക്കിയിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങിയത്. ബുധനാഴ്ച പ്രമേയത്തിനെതിരേ ബിജെപി രംഗത്ത് വന്നിരുന്നു. പ്രമേയം പിന്‍വലിക്കാനായിരുന്നു ആവശ്യം.