ആറാം ഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു

Update: 2024-05-25 03:20 GMT

ന്യൂഡല്‍ഹി: ആറാം ഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ്. 889 സ്ഥാനാര്‍ത്ഥികളാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. കര്‍ണാലില്‍ മുന്‍ മുഖ്യമന്ത്രിയും സ്ഥാനാര്‍ത്ഥിയുമായി മനോഹര്‍ ലാല്‍ ഖട്ടാര്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തനിക്ക് എതിരാളിയേ അല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വോട്ട് ചെയ്തു.

ഈ ഘട്ടത്തിലെ തിരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. മെഹബൂബ മുഫ്തി, മനോഹര്‍ലാല്‍ ഖട്ടാര്‍, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാര്‍ എന്നിവരാണ് ആറാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

നേരത്തെ മാറ്റി വെച്ച അനന്തനാഗ് രജൗരി മണ്ഡലത്തിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. ഡല്‍ഹിയിലെ ഏഴ് സീറ്റിലും ഹരിയാനയിലെ പത്ത് സീറ്റിലും എന്‍ഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ്.




Similar News