വൈരം മുതല്‍ അയ്യാസ്വാമി വരെ...എസ്പിബിയും ഗാനഗന്ധര്‍വനും ഒരുമിച്ച ഗാനങ്ങള്‍

1975ല്‍ റിലീസ് ചെയ്ത തങ്കത്തിലെ വൈരം എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.

Update: 2020-09-25 10:30 GMT

ചെന്നൈ: എസ്പി ബാലസുബ്രഹ്മണ്യം അവസാനമായി മലയാളത്തില്‍ പാടിയത് 2018ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തിലാണ്. എം ജയചന്ദ്രന്റെ സംഗീതത്തില്‍ വിരിഞ്ഞ അയ്യാ സാമി എന്ന ഗാനത്തില്‍ അദ്ദേഹത്തോടൊപ്പം പാടിയത് ഗാനഗന്ധര്‍വന്‍ യേശുദാസായിരുന്നു. ഇരുവരും പാട്ടുരംഗത്ത് മത്സരിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഒരുപക്ഷേ മലയാളികളില്‍ പലരും ബിഗ് സ്‌ക്രീനില്‍ അദ്ദേഹത്തെ അവസാനമായി കണ്ടതും ഈ ഗാനത്തിലൂടെ തന്നെയാകണം.

എന്നാല്‍ ഗാനഗന്ധര്‍വനും എസ്പിയും തമ്മിലുള്ള ഗാനരംഗത്തെ കൂട്ടുകെട്ട് ആരംഭിക്കുന്നത് അടിയന്തരാവസ്ഥ കാലത്താണ്. 1975ല്‍ റിലീസ് ചെയ്ത തങ്കത്തിലെ വൈരം എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തില്‍ ശങ്കര്‍ ഗണേഷ് സംഗീതം നല്‍കിയ 'എന്‍ കാതലീ' എന്ന ഗാനമാണ് എസ്പിബിയും യേശുദാസും ചേര്‍ന്ന് ആലപിച്ചത്. അന്ന് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായ ശിവകുമാറിന് വേണ്ടി യേശുദാസും കമല്‍ഹാസന് വേണ്ടി എസ്പിബിയും പാടി. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു യുഗ്മഗാനത്തിലൂടെ ആ മധുരശബ്ദങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തി. തമിഴില്‍ പുറത്തിറങ്ങിയ ഗൗരി മനോഹരി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. 'അരുവിക്കൂടെ ജതിയില്ലാമല്‍' എന്ന് തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം നല്‍കിയത് ഇനിയവനായിരുന്നു.

എസ്പിബി-യേശുദാസ് കൂട്ടുകെട്ടിലെ മെഗാഹിറ്റ് പിറന്നത് 1991ലായിരുന്നു. രജനീകാന്ത്, മമ്മൂട്ടി, ശോഭന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി മണിരത്‌നം ചിത്രം ദളപതിയിലെ 'കാട്ടുകുയിലെ' എന്ന ഗാനം ഇരുവരും ചേര്‍ന്നാണ് ആലപിച്ചത്. ഇളയരാജയായിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്. ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ഈ പാട്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളുടെ സംഗമവേദിയായിരുന്നു ആ ഗാനം. 1993ല്‍ പുറത്തിറങ്ങിയ ശരത് കുമാര്‍ ചിത്രം ദശരതനില്‍ ആരാരോ ആരിരാരോ എന്ന ഗാനവും എസ്പിബി-യേശുദാസ് കൂട്ടുകെട്ടില്‍ പിറന്നതായിരുന്നു. എല്‍ വൈദ്യനാഥനായിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്. കൂടാതെ ശിവാജി ഗണേശന്‍ ചിത്രം ത്രിശൂലത്തിലെ 'ഇരണ്ട് കൈകള്‍', 1979ല്‍ പുറത്തിറങ്ങിയ പ്രേം നസീര്‍-ജയന്‍ ചിത്രം സര്‍പ്പത്തിലെ 'സ്വര്‍ണമീനിന്റെ ചേലൊത്തകണ്ണാലെ', നിഷാദ് സംവിധാനം ചെയ്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ജയപ്രദ-രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ കിണറിലെ 'അയ്യാസാമി', 1998ല്‍ ഫാസിലിന്റെ ഹരികൃഷ്ണസ് തമിഴില്‍ ഡബ് ചെയ്തിറക്കിയപ്പോള്‍ മലയാളത്തില്‍ യേശുദാസ് ഒറ്റക്ക് പാടിയ 'പൊന്നേ പൊന്നമ്പിളിയുടെ' തമിഴ് ഗാനം 'പൊന്നെ പൊന്നിന്‍മണി' യേശുദാസിനൊപ്പം എസ്പിബി പാടി. ദളപതിയിലെ ' കാട്ടുകുയിലെ' എന്ന ഗാനം പുറത്തിറങ്ങി 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തിയതായിരുന്നു കിണറിലെ 'അയ്യാസാമി' എന്ന ഗാനം. എസ്പിബിയുടെ സംഗീതത്തിലും യേശുദാസ് പാടിയിട്ടുണ്ട്. 1992 പുറത്തിറങ്ങിയ സിഗരം എന്ന ചിത്രത്തിലെ 'അഗരം ഇപ്പോ സിഗരം ആച്ച്' എന്ന ഗാനമായിരുന്നു യേശുദാസ് ആലപിച്ചത്.

Tags:    

Similar News