ഇത് ക്രൂരം, വിയോജിപ്പുകളെ നിശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടും; പോലിസ് നിയമഭേദഗതിക്കെതിരേ പ്രശാന്ത് ഭൂഷണ്‍
ഇത് ക്രൂരവും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടില്‍നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമായ വകുപ്പാണിതെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: സൈബര്‍ ആക്രമണങ്ങളെ നേരിടാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള പോലിസ് നിയമഭേദഗതിയ്‌ക്കെതിരേ വിമര്‍ശനവുമായി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. നിയമഭേദഗതി ക്രൂരതയാണെന്നും വിയോജിപ്പുകളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പുതിയ പോലിസ് നിയമഭേദഗതിയെ അദ്ദേഹം ചോദ്യംചെയ്തത്.
കുറ്റകരമായി കരുതപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിലൂടെ കേരള പോലിസ് ആക്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരവും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടില്‍നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമായ വകുപ്പാണിതെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലിസ് നിയമഭേദഗതിയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.
പോലിസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. കേരള പോലിസ് നിയമത്തില്‍ 118 (എ) എന്ന പുതിയ വകുപ്പ് ഉള്‍ക്കൊള്ളുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതായി ഗവര്‍ണറുടെ ഓഫിസ് ശനിയാഴ്ച സ്ഥിരീകരിച്ചു. വകുപ്പ് പ്രകാരം ഏതെങ്കിലും ആശയവിനിമയത്തിലൂടെ ഏതെങ്കിലും വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ വിവരങ്ങള്‍ സൃഷ്ടിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നയാള്‍ക്ക് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്തും.
2000ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലിസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതിനുപകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഇത് സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ പോലിസിന് കഴിയുന്നില്ലെന്ന വാദഗതികളുയര്‍ത്തിയാണ് സര്‍ക്കാര്‍ പുതിയ വ്യവസ്ഥ കൊണ്ടുവന്നത്.