തമിഴ്‌നാട്ടില്‍ എസ്‌ഐ റാങ്കില്‍ താഴെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്
ഔദ്യോഗിക ജോലി നിര്‍വഹിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമാവുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ചെന്നൈ: ജോലി സമയത്ത് സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ) റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തമിഴ്‌നാട് പോലിസ് നിരോധിച്ചു. ഔദ്യോഗിക ജോലി നിര്‍വഹിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമാവുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
സമൂഹമാധ്യമങ്ങളില്‍ കടക്കാന്‍ പോലിസുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടന്ന് ഡിജിപി ടി കെ രാജേന്ദ്രന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി.
സുരക്ഷാ ജോലിക്ക് വിന്യസിച്ച പോലിസുകാര്‍ വാട്‌സ് ആപ് പോലുള്ള സമൂഹമാധ്യമങ്ങള്‍ക്കായി അടിക്കടി മൊബൈല്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. അതിനാല്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് മുകളില്‍ റാങ്കുള്ളവര്‍ക്ക് മാത്രമേ ഇനി ജോലിസമയത്ത് മൊബൈല്‍ ഉപയോഗിക്കാനാവൂ. അതും ജോലിസംബന്ധമായ ആവശ്യത്തിന് മാത്രം. ക്രമസമാധാനം, വിവിഐപി സുരക്ഷ, ക്ഷേത്രം ഉല്‍സവ സുരക്ഷ എന്നിവയ്ക്കായി നിയമിക്കപ്പെടുന്ന പോലിസുകാര്‍ മൊബൈല്‍ ഉപയോഗിച്ചുകൂടാ- സര്‍ക്കുലറില്‍ പറയുന്നു.