ബിജെപിക്കെതിരെ ടിഎംസി; എന്‍ഐഎ ഉദ്യോഗസ്ഥന്റെ വസതിയില്‍ 52 മിനിറ്റ് ബിജെപി നേതാവ് ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. നേതാക്കളെ വേട്ടയാടാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുവെന്നും തൃണമൂല്‍ ആരോപിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയില്‍ ബിജെപി നടത്തിയ ഇടപെടലുമായി ബന്ധപ്പെട്ടാണ് ടിഎംസിയുടെ ആരോപണം. തെളിവുകളും തൃണമൂല്‍ നേതാക്കള്‍ പുറത്ത് വിട്ടു.
കഴിഞ്ഞ മാര്‍ച്ച് 26നാണ് ബിജെപി നേതാവ് ജിതേന്ദ്ര ചൗധരി എന്‍ഐഎ എസ്പി ധന്‍ റാം സിങ്ങുമായി വസതിയില്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് ഭൂപതിനഗറില്‍ ടിഎംസി നേതാക്കളുടെ അറസ്റ്റുണ്ടായത്. ഇത് ഗൂഢാലോചനയുടെ ഭാഗമായുണ്ടായ നടപടിയാണ്. ബിജെപി നേതാവ് എത്തിയെന്ന് വ്യക്തമാകുന്ന വിസിറ്റേഴ്‌സ് ബുക്കിന്റേ രേഖകള്‍ ടിഎംസി നേതാവ് കുണാല്‍ ഘോഷ് പുറത്ത് വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സിയെ ബിജെപി സ്വന്തം ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് തെളിവായി രേഖകളടക്കം ടിഎംസി പുറത്ത് വിടുന്നത്.
എന്‍ഐഎ എസ് പി ധന്‍ റാം സിങ്ങാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍. കൊല്‍ക്കത്തയിലെ വസതിയില്‍ 52 മിനിറ്റ് നേരമാണ് ബിജെപി നേതാവ് ജിതേന്ദ്ര തിവാരി ചര്‍ച്ച നടത്തിയത്. കൊല്‍ക്കത്തയിലെ ഫ്‌ലാറ്റിലെ വിസിറ്റേഴ്‌സ് ബുക്ക് രേഖകളാണ് ടിഎംസി തെളിവായി പുറത്ത് വിട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടന്ന കൂടിക്കാഴ്ചയില്‍ പണം ഇടപാടുകളുമുണ്ടായി. അധികം വൈകാതെ ദൃശ്യങ്ങളും പുറത്ത് വിടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. ഗുരുതരമായ സംഭവത്തില്‍ ബംഗാള്‍ പോലിസ് അന്വേഷണം നടത്തണമെന്നും എസ് പിയെയും സംഘത്തെയും അടിയന്തരമായി കേന്ദ്ര ഏജന്‍സി ബംഗാളില്‍ നിന്ന് നീക്കണമെന്നും ടിഎംസി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ബിജെപി- എന്‍ഐഎ ഗൂഢാലോചനയെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയും ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടമ മറന്ന് നിശ്ബദത പാലിക്കുന്നുവെന്നും അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി.