ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോയി രണ്ടു ദലിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ദളിത് വിഭാഗത്തില്‍പ്പെട്ട ഗിരീഷ് മുദലഗിരിയപ്പ (30), ഗിരീഷ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ജാമ്യത്തിലായിരുന്നുവെന്നും പോലിസ് പറഞ്ഞു.
ബംഗളൂരു: കര്‍ണാടകയിലെ തുംകുരുവിലെ പെദ്ദനഹള്ളി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ടു പേരെ ഒരു സംഘം തല്ലിക്കൊന്നു. ഒരാളുടെ മൃതദേഹം സമീപത്തെ കുളത്തിലും കൊല്ലപ്പെട്ട രണ്ടാമന്റെ മൃതദേഹം ഗ്രാമത്തിന്റെ പ്രാന്തഭാഗത്തും കണ്ടെത്തി. ദളിത് വിഭാഗത്തില്‍പ്പെട്ട ഗിരീഷ് മുദലഗിരിയപ്പ (30), ഗിരീഷ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ജാമ്യത്തിലായിരുന്നുവെന്നും പോലിസ് പറഞ്ഞു.
വാട്ടര്‍ പമ്പ്, മോട്ടോര്‍ ബൈക്ക്, അടക്ക ഉള്‍പ്പെടെ നിരവധി ചെറിയ മോഷണക്കേസുകളില്‍ പ്രതികളായിരുന്നു ഇവരെന്ന് പോലിസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഇരുവരേയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയാണ് കൊലപ്പെടുത്തിയതെന്നു പോലിസ് പറഞ്ഞു. മുഖ്യപ്രതികള്‍ക്കൊപ്പം ഇവര്‍ സ്വമേധയാ പോവുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
കൊല്ലപ്പെട്ട ഇരുവരും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യപ്രതിയും കൂട്ടാളികളും ഇരുവരുടേയും കാലുകള്‍ പൊള്ളിക്കുകയും തുടര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ഒരു മൃതദേഹം സമീപത്തെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു. മറ്റൊരു മൃതദേഹവും സമീപത്ത് നിന്ന് കണ്ടെത്തി.
കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതക കാരണം പോലിസ് അന്വേഷിച്ച് വരികയാണ്. അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ഒരാളെ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്.
'പ്രതികളെ കുറിച്ച് തങ്ങള്‍ക്ക് സൂചനകള്‍ ലഭിച്ചു ... ഞങ്ങള്‍ അവരെ ഉടന്‍ പിടികൂടും ... ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇതിനായി പ്രവര്‍ത്തിക്കുന്നു'- തുംകുരുവില്‍ നിന്നുള്ള മുതിര്‍ന്ന പോലിസ് ഓഫിസര്‍ രാഹുല്‍കുമാര്‍ ഷഹാപൂര്‍വാദ് പറഞ്ഞു. വ്യക്തിവൈരാഗ്യമോ കുടിപ്പകയോ ആവാനുള്ള സാധ്യതയും പോലിസ് പരിശോധിക്കുന്നുണ്ട്.