നിബന്ധനകളില്‍ ഇളവ് വരുത്തി യുകെ; രണ്ട് ഡോസ് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി

Update: 2021-10-07 19:00 GMT

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന ക്വാറന്റൈന്‍ നിബന്ധനകളില്‍ യുകെ ഇളവ് വരുത്തി. കൊവിഷീല്‍ഡ് അല്ലെങ്കില്‍ യുകെ അംഗീകരിച്ച മറ്റേതെങ്കിലും കൊവിഡ് വാക്‌സിന്‍ പൂര്‍ണമായും സ്വീകരിച്ച ഇന്ത്യക്കാര്‍ ഒക്ടോബര്‍ 11 മുതല്‍ ബ്രിട്ടനിലെത്തുമ്പോള്‍ ക്വാറന്റൈന്‍ വേണ്ടെന്ന് ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ അറിയിച്ചു. രണ്ടുഡോസ് കൊവിഡ് വാക്‌സിനെടുത്താലും ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ വേണമെന്ന നിബന്ധനയാണ് യുകെ ഇതോടെ പിന്‍വലിച്ചത്. കൊവിഷീല്‍ഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സര്‍ട്ടിഫിക്കേഷന്‍ രീതി അംഗീകരിക്കില്ലെന്നായിരുന്നു യുകെയുടെ ഇതുവരെയുള്ള നിലപാട്.

ഇതെത്തുടര്‍ന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇന്ത്യയും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുള്‍പ്പടെ 47 രാജ്യങ്ങളിലെ യാത്രക്കാര്‍ക്കുകൂടിയാണ് യുകെ നിയന്ത്രണം നീക്കിയത്. എന്നാല്‍, കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടിവരും. പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ എടുത്ത യാത്രക്കാര്‍ക്കും ചുവപ്പ് പട്ടികയിലില്ലാത്ത രാജ്യങ്ങളില്‍നിന്നും പ്രദേശങ്ങളില്‍നിന്നും മടങ്ങിവരുന്ന 18 വയസ്സിന് താഴെയുള്ളവര്‍ക്കും വെറും ഒരുദിവസത്തെ രണ്ട് ടെസ്റ്റ് കൊണ്ട് പ്രവേശനം സാധ്യമാവും- യുകെ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഒക്ടോബര്‍ 11 തിങ്കളാഴ്ച പുലര്‍ച്ചെ 4 മുതല്‍ ബ്രസീല്‍, ഘാന, ഹോങ്കോങ്, ഇന്ത്യ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നിവയുള്‍പ്പെടെ 47 ലധികം പുതിയ രാജ്യങ്ങളിലും പ്രദേശങ്ങളിലും കുത്തിവയ്പ്പ് എടുക്കുന്ന യോഗ്യരായ യാത്രക്കാരെയും പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ യുകെ നിവാസികളെ പോലെ പരിഗണിക്കും. ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന യാത്രക്കാര്ഡ 10 ദിവസം മുമ്പ് അവര്‍ ഒരു റെഡ് ലിസ്റ്റ് രാജ്യമോ പ്രദേശമോ സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാക്കണം- പ്രസ്താവന കൂട്ടിച്ചേര്‍ത്തു. റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങള്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ യുകെ സര്‍ക്കാര്‍ പരിഷ്‌കരിച്ചതിന് ശേഷമാണ് തീരുമാനം.

Tags:    

Similar News