ആദിത്യനാഥിനു മറുപടിയുമായി കേന്ദ്രമന്ത്രി വികെ സിങ്: സൈന്യത്തെ മോദിയുടെ സേനയെന്നു വിളിക്കുന്നവര്‍ രാജ്യദ്രോഹികള്‍

Update: 2019-04-04 17:34 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേനയെന്നു വിശേഷിപ്പിച്ച യുപി മുഖ്യമന്ത്രി ആദിത്യാനാഥിനു മറുപടിയുമായി കേന്ദ്രമന്ത്രി വികെ സിങ്. സൈന്യത്തെ മോദിയുടെ സേന എന്നു വിശേഷിപ്പിച്ചതു തെറ്റാണെന്നു മാത്രമല്ല, അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ രാജ്യദ്രോഹികളാണെന്നുമായിരുന്നു കരസേനാ മുന്‍ മേധാവി കൂടിയായ വികെ സിങിന്റെ മറുപടി. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് വികെ സിങ് ആദിത്യനാഥിനെതിരേ രംഗത്തെത്തിയത്. ഇന്ത്യന്‍ സേനയെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വേര്‍തിരിച്ചു തന്നെ കാണണം. ഏതു പട്ടാളത്തെ കുറിച്ചാണു നാം സംസാരിക്കുന്നത്?. ഇന്ത്യന്‍ പട്ടാളത്തെ കുറിച്ചോ അതോ രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളെ കുറിച്ചോ?. ഇന്ത്യന്‍ സേനയെ മോദിയുടെ സേനയെന്നു ആരെങ്കിലും വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ തെറ്റുകാരാണെന്നു മാത്രമല്ല, രാജ്യദ്രോഹികള്‍ കൂടിയാണ്- അഭിമുഖത്തില്‍ സിങ് പറഞ്ഞു. അതേസമയം അഭിമുഖത്തിന്റെ വീഡിയോ പുറത്തു വന്നതോടെ, തന്റെ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകന്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി വികെ സിങ് രംഗത്തെത്തി. എന്നാല്‍ അഭിമുഖത്തിന്റെ യഥാര്‍ത്ഥ വീഡിയോ ആണ് പുറത്തു വിട്ടതെന്നും എഡിറ്റിങ് വരുത്തിയിട്ടില്ലെന്നും ബിബിസി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒന്നാം തിയ്യതി ഗാസിയാബാദില്‍ നടന്ന പരിപാടിയിലാണ് യുപി മുഖ്യ മന്ത്രി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് സര്‍കാര്‍ ഭീകരവാദികള്‍ക്കു ബിരിയാണി നല്‍കുമ്പോള്‍ മോദിയുടെ സേന ഭീകരവാദികള്‍ക്കു ബുള്ളറ്റു കൊണ്ടും ബോംബു കൊണ്ടുമാണ് മറുപടി നല്‍കുന്നതെന്നായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന. വിവാദ പ്രസ്താവനയെ തുടര്‍ന്നു ആദിത്യനാഥിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചിരുന്നു. 

Tags:    

Similar News