ലഖ്‌നോ: യു.പി പോലിസ് അറസ്റ്റ് ചെയ്ത് ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ) ചുമത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ജാവേദ് മുഹമ്മദ് ജയില്‍മോചിതനായി. ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദക്കെതിരായ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 21 മാസമായി ദിയോറിയയിലെ ജയിലിലായിരുന്നു.
പ്രവാചകനിന്ദയ്‌ക്കെതിരായ പ്രയാഗ്‌രാജിലെ പ്രതിഷേധം അക്രമാസക്തമായതിന് കാരണം ജാവേദ് മുഹമ്മദാണെന്ന് ആരോപിച്ചായിരുന്നു 2022 ജൂണ്‍ 11ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പ്രയാഗ് രാജിലെ ഇദ്ദേഹത്തിന്റെ വീടും പൊളിച്ചുമാറ്റിയിരുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് അഫ്രീന്‍ ഫാത്തിമയുടെ പിതാവാണ് ജാവേദ് മുഹമ്മദ്.