മമത ആശുപത്രിയില്‍; പ്രകടന പത്രിക പുറത്തിറക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് മാറ്റിവച്ചു
മമത ബാനര്‍ജിയെ കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയില്‍ തുടരുകയാണ്. നന്ദിഗ്രാം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മമതയ്ക്ക് നേരേ ആക്രമണം. റേയപാറ മേഖലയിലെ ക്ഷേത്രത്തിനു വെളിയിലായിരുന്നു ആക്രമണമുണ്ടായത്.
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലായതിനാലാണ് പ്രകടന പത്രിക പുറത്തിറക്കുന്നത് തൃണമൂല്‍ മാറ്റിയത്. മമത ബാനര്‍ജിയെ കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയില്‍ തുടരുകയാണ്. നന്ദിഗ്രാം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മമതയ്ക്ക് നേരേ ആക്രമണം. റേയപാറ മേഖലയിലെ ക്ഷേത്രത്തിനു വെളിയിലായിരുന്നു ആക്രമണമുണ്ടായത്.
മമതയുടെ ഇടത് കാലിലെ ലിഗമെന്റിന് പരിക്കുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വലതു തോളിനും കൈത്തണ്ടയ്ക്കും കഴുത്തിനും പരിക്കേറ്റതായി ആശുപത്രി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നെഞ്ചുവേദനയും ശ്വാസതടസ്സവുമുണ്ടായതിനാല്‍ അടുത്ത 48 മണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മമതയ്‌ക്കെതിരെയുള്ള ആക്രമണം രാഷ്ട്രീയഗൂഢാലോചനയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മുമ്പും മമതയെ അപായപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.
മമതാ ബാനര്‍ജിക്ക് പരിക്കേറ്റ സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. മമതയ്ക്കു നേരെയുള്ള ആക്രമണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടിയിരുന്നു. തൃണമൂല്‍ നേതാക്കള്‍ ഉച്ചയ്ക്ക് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും. അസന്‍സോളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ച് സമരം നടത്തുകയാണ്. ബുധനാഴ്ച രാത്രി ആശുപത്രിയില്‍ മമതയെ സന്ദര്‍ശിക്കാനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിരുന്നു.