ബിജെപി നേതാക്കളുടെ വീട്ടിലേക്ക് പ്രയാഗ് രാജിലെ വെള്ളം പാചകത്തിന് കൊണ്ടുപോകാത്തതെന്ത്?; യോഗിയോട് അഖിലേഷ് യാദവ്

പ്രയാഗ് രാജ്: ത്രിവേണി സംഗമത്തിലെ ജലം ഇപ്പോഴും ശുദ്ധമാണെന്നും കുടിക്കാനാകുമെന്നുമുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരേ വീണ്ടും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്‌നാനത്തിന് മാത്രമല്ല കുടിക്കാന്‍ പോലും കഴിയുന്നതാണെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കില്‍ ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാനാണ് ബിജെപി നേതാക്കളെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വെല്ലുവിളിക്കുന്നത്.
എല്ലാ ബിജെപി നേതാക്കള്‍ക്കും കുംഭമേളയിലെ വെള്ളം നിറച്ച ടാങ്ക് നല്‍കണം. അപ്പോള്‍ അവര്‍ക്ക് പാചകം ചെയ്യാനും കുളിക്കാനും ആവശ്യമുള്ളപ്പോള്‍ വേണമെങ്കില്‍ മരുന്നായി കുടിക്കാനും കഴിയുമല്ലോ. ഇങ്ങനെ ഒരു ടാങ്ക് വെള്ളം കൊണ്ടുപോകുന്ന കാര്യം ബിജെപി നേതാക്കള്‍ക്ക് ചെയ്യാനാകുമോ?.
എസ്പി നേതാവ് ഭരണകക്ഷി എംഎല്‍എമാരോടും മുഖ്യമന്ത്രിയോടും വെല്ലുവിളി നടത്തിയെങ്കിലും വെള്ളം കൊണ്ടുപോകാന്‍ തയ്യാറായി ആരും മുന്നോട്ട് വന്നിട്ടില്ല. പ്രയാഗ്രാജിലെ വെള്ളത്തില്‍ കോളിഫോമിന്റെ അളവ് ഉയര്‍ന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചതോടെ ആകെ പ്രതിരോധത്തിലായ യുപി സര്‍ക്കാരും കേന്ദ്ര ബിജെപി നേതാക്കളും പുണ്യമാണ് പുണ്യസ്നാനമാണ് 56 കോടി ജനങ്ങളുടെ വിശ്വസത്തെ ചോദ്യം ചെയ്യലാണ് എന്നെല്ലാം പറഞ്ഞാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്.