രാഷ്ട്രീയം ഉപേക്ഷിക്കേണ്ടിവന്നാലും ബിജെപിയുമായി കൈകോര്‍ക്കില്ല: മായാവതി
ബിഎസ്പിയും ബിജെപിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരുതിതരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല. വര്‍ഗീയ പാര്‍ട്ടിയുമായി സഹകരിച്ച് മല്‍സരിക്കാന്‍ ബിഎസ്പിക്ക് സാധിക്കില്ല.
ലഖ്‌നോ: രാഷ്ട്രീയം ഉപേക്ഷിക്കേണ്ടിവന്നാലും ബിജെപിയുമായി കൈകോര്‍ക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ബിജെപിയെയോ മറ്റേതെങ്കിലും പാര്‍ട്ടികളെയോ ബിഎസ്പി പിന്തുണയ്ക്കുമെന്ന മായാവതിയുടെ പ്രസ്താവന വലിയ ചര്‍ച്ചയ്ക്കുവഴിവച്ചതിന് പിന്നാലെയാണ് നിലപാട് മാറ്റി അവര്‍ രംഗത്തുവന്നത്.
എന്നാല്‍, ബിജെപിയെ പോലൊരു വര്‍ഗീയ പാര്‍ട്ടിയുമായി സഹകരിക്കുന്നതിലും നല്ലത് രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതാണെന്ന് മായാവതി അഭിപ്രായപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് മായാവതി ബിജെപിക്കൊപ്പം പോവുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
ബിഎസ്പിയും ബിജെപിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരുതിതരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല. വര്‍ഗീയ പാര്‍ട്ടിയുമായി സഹകരിച്ച് മല്‍സരിക്കാന്‍ ബിഎസ്പിക്ക് സാധിക്കില്ല. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ കാരണം ബിജെപിയെ പിന്തുണയ്ക്കാനാവില്ല. എല്ലാവര്‍ക്കും എല്ലാ മതങ്ങള്‍ക്കും ഗുണമുണ്ടാവണമെന്നാണ് ബിഎസ്പി ആഗ്രഹിക്കുന്നത്. ഇതിന് നേര്‍വിപരീതമാണ് ബിജെപിയുടെ രാഷ്ട്രീയം.
വര്‍ഗീയവും, മതപരവും മുതലാളിത്ത വ്യവസ്ഥിതിയില്‍ ഊന്നിയതുമായ ബിജെപി പ്രത്യയശാസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ബിഎസ്പിക്ക് ഒരിക്കലും ആവില്ല. ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ സാധ്യതകളെ തകര്‍ക്കുന്നതിനായി എസ്പിയും കോണ്‍ഗ്രസും തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. മുസ്‌ലിംകള്‍ ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്യരുതെന്നാണ് എസ്പിയും കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. ഈ ശ്രമത്തില്‍ അവര്‍ പരാജയപ്പെടും.
പ്രത്യേക സാഹചര്യങ്ങളില്‍ ഒരു സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കേണ്ടിവന്നപ്പോള്‍ ഞങ്ങളുടെ പ്രത്യയശാസ്ത്രവുമായി വിട്ടുവീഴ്ച ചെയ്തില്ലെന്ന് മുസ്‌ലിംകള്‍ക്ക് അറിയാം. തനിക്കെതിരേ സിബിഐയെ അഴിച്ചുവിട്ടാണ് ബിജെപി സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ സോണിയാ ഗാന്ധി തന്നെ വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു. എന്നാല്‍, കോണ്‍ഗ്രസ് ബിജെപിയെക്കാള്‍ ഒരുപടി മുന്നിലാണ്. കേസ് ഒരിക്കലും പിന്‍വലിച്ചില്ല. അതുകൊണ്ടുതന്നെ സുപ്രിംകോടതിയെ സമീപിക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.