ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം; രാജസ്ഥാനില്‍ യുവതിക്കെതിരേ വധശ്രമത്തിന് കേസ്
ജയ്പൂര്‍: രാജസ്ഥാനിലെ ചുരുയില്‍ 28 കാരിയായ യുവതി ഭര്‍ത്താവിനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ഭര്‍ത്താവ് ബിക്കാനീര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭര്‍ത്താവിന്റെ മോശം പെരുമാറ്റമാണ് യുവതിയെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ്, യുവതിക്കെതിരേ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.
ആഗസ്ത് 12 ന് രാത്രി തന്റെ ഭാര്യ സുമന്‍ വൈദ്യുതാഘാതമേല്‍പ്പിച്ചെന്ന് കൊല്ലാന്‍ ശ്രമിച്ചെന്നാരോപിച്ച് മഹേന്ദ്ര ധാന്‍ (32) ആണ് പരാതി നല്‍കിയത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഭക്ഷണം നല്‍കി. ഇത് കഴിച്ച ശേഷം അബോധാവസ്ഥയിലാവുകയും ചെയ്തു. വൈദ്യുതാഘാതമേറ്റാണ് രാത്രി വൈകി ഉണര്‍ന്നതെന്നാണ് പരാതിയില്‍ പറയുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹിമ്മത്ത് സിങ് പറഞ്ഞു. ഷോക്കടിപ്പിക്കുന്നതിന് മുമ്പ് ഭാര്യ തന്റെ കൈകള്‍ പോളിത്തീന്‍ കവറുകള്‍ കൊണ്ട് മൂടി. കാലുകളില്‍ ഇലക്ട്രിക് വയറുകളാല്‍ ബന്ധിക്കുകയും ചെയ്തുവെന്ന് ഇയാള്‍ പറയുന്നു.
ഷോക്കേറ്റതിനെത്തുടര്‍ന്ന് പരിഭ്രാന്തിയിലായ യുവതി രാത്രി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ഭര്‍ത്താവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ബിക്കാനറിലെ പിബിഎം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവാവിന്റെയും പിതാവിന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പ്രതിയെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്നും ഹിമ്മത്ത് സിങ് കൂട്ടിച്ചേര്‍ത്തു.