അർണബൊക്കെയുള്ള രാജ്യത്ത്‌ രണ്ട്‌ വരി എഡിറ്റ്‌ ചെയ്‌തതിന്‌ 21 കാരിയെ അറസ്‌റ്റ്‌ ചെയ്യുന്നത്‌ പരിഹാസ്യമാണ്: എൻഎസ്‌ മാധവൻ

ഞായറാഴ്ചയാണ് ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്.

Update: 2021-02-15 06:46 GMT

കൊച്ചി: ഗ്രെറ്റ തന്‍ബര്‍ഗ് "ടൂള്‍കിറ്റ്' കേസില്‍ കോളജ് വിദ്യാര്‍ഥി ദിഷ രവിയെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. വാര്‍ത്തയെ മുഴുവന്‍ വലിച്ചുകീറി നശിപ്പിക്കുന്ന അര്‍ണബിനെ പോലുള്ളവരുള്ള രാജ്യത്താണ് രണ്ട് വരി എഡിറ്റ് ചെയ്‌തതിന് അറസ്റ്റുകള്‍ നടക്കുന്നതെന്ന് എന്‍എസ് മാധവന്‍ പറഞ്ഞു.

വാര്‍ത്തയെ വലിച്ചുകീറി നശിപ്പിക്കുന്ന അര്‍ണബിനെ പോലുള്ള എഡിറ്റര്‍മാരുള്ള ഒരു രാജ്യത്ത് ഗൂഗിള്‍ ഡോക്യുമെന്റിലെ രണ്ട് വരി എഡിറ്റ് ചെയ്തതിന് ഒരു ഇരുപത്തൊന്നുകാരിയെ അറസ്റ്റ് ചെയ്യുന്നത് എന്ത് പരിഹാസ്യമാണെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.


ഞായറാഴ്ചയാണ് ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ഡല്‍ഹി പോലിസ് ബംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്.

ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടു. വിദ്യാര്‍ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഡല്‍ഹി പോലിസിന്റെ നടപടിക്കെതിരേ രൂപം കൊണ്ടിരിക്കുന്നത്. ദിഷയെ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കോടതിയില്‍ ഹാജരാക്കിയതെന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക മാമ്മന്‍ ജോണ്‍ പ്രതികരിച്ചു.

അതേസമയം, ദിഷ രവിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. നിരായുധയായ ഒരു പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഭയപ്പെടുന്നു എന്നാണ് പ്രിയങ്കയുടെ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവരും പരിസ്ഥിതി സംഘടനകളും അറസ്റ്റില്‍ വിമര്‍ശനവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News