ജുമുഅ നമസ്‌കാരം യാത്ര തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് യുവമോര്‍ച്ചയുടെ റോഡുപരോധം (വീഡിയോ)
ജുമുഅ നമസ്‌കാരത്തിനായി മുസ്‌ലിംകള്‍ ഒത്തുകൂടുന്നതിനാല്‍ റോഡ് യാത്രയും മറ്റും തടസ്സപ്പെടുന്നുവെന്നും സ്‌കൂള്‍ വിദ്യാര്‍ഥികളും ആശുപത്രിയിലേക്കു പോവുന്ന രോഗികളും വലയുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നും യുവമോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു
ഹൗറ: വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരം മൂലം യാത്ര തടസ്സപ്പെടുന്നുവെന്നാരോപിച്ച് പശ്ചിമ ബംഗാളില്‍ യുവമോര്‍ച്ചയുടെ റോഡുപരോധം. ഹൗറയിലാണ് ഹനുമാന്‍ കീര്‍ത്തനങ്ങള്‍ ചൊല്ലി യുവമോര്‍ച്ച റോഡുപരോധിച്ചത്. ജുമുഅ നമസ്‌കാരത്തിനായി മുസ്‌ലിംകള്‍ ഒത്തുകൂടുന്നതിനാല്‍ റോഡ് യാത്രയും മറ്റും തടസ്സപ്പെടുന്നുവെന്നും സ്‌കൂള്‍ വിദ്യാര്‍ഥികളും ആശുപത്രിയിലേക്കു പോവുന്ന രോഗികളും വലയുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നും യുവമോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു.
വെള്ളിയാഴ്ച നമസ്‌കാരത്തിനായി നിരവധി റോഡുകളാണ് അടച്ചിടുന്നത്. ഇതുമൂലം ആംബുലന്‍സു പോലും കടന്നു പോവാന്‍ പറ്റാതെ രോഗികള്‍ മരിക്കുന്നു. വിദ്യാര്‍ഥികള്‍ക്കു സ്‌കൂളിലും കോളജിലും സമയത്തെത്താന്‍ പറ്റുന്നില്ല. മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ ഇതിനെതിരേ യാതൊരു നടപടിയും കൈക്കൊള്ളുന്നുമില്ല. ഇത് നിര്‍ബാധം തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് എല്ലാ പ്രധാന റോഡുകളും ഉപരോധിക്കാന്‍ തീരുമാനിച്ചതെന്നു യുവമോര്‍ച്ച ഹൗറ ജില്ലാ പ്രസിഡന്റ് ഒപി സിങ് പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം നിരന്തരം തൃണമൂല്‍- ബിജെപി സംഘര്‍ഷം നടക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍.