ഹിജാബ് നിരോധനം: കര്‍ണ്ണാടക കോടതിവിധി ഭരണഘടനാവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്‍
ബീഫ് നിരോധിക്കുന്ന ലാഘവത്തോടെ മതപരമായ ജീവിതത്തെ തന്നെ നിരോധിക്കുന്നത് ഭരണഘടനയെ റദ്ദ് ചെയ്യലാണ്. മുസ് ലിംകള്‍ക്കു മാത്രം പൗരത്വം നിഷേധിക്കുന്നതു പോലെ ഇവിടെ മുസ് ലിംകള്‍ക്കു മാത്രം തല മറയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്
ആലുവ: ഹിജാബ് ഇസ്‌ലാമികമായി നിര്‍ബന്ധമില്ലെന്ന് വിധിച്ച കര്‍ണാടക ഹൈക്കോടതിയുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണന്ന് അല്‍ ഹസനി അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി.പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ട കോടതി ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിധി പറയുന്ന സ്ഥിതി ആശാവഹമല്ല. ബീഫ് നിരോധിക്കുന്ന ലാഘവത്തോടെ മതപരമായ ജീവിതത്തെ തന്നെ നിരോധിക്കുന്നത് ഭരണഘടനയെ റദ്ദ് ചെയ്യലാണ്. മുസ് ലിംകള്‍ക്കു മാത്രം പൗരത്വം നിഷേധിക്കുന്നതു പോലെ ഇവിടെ മുസ് ലിംകള്‍ക്കു മാത്രം തല മറയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇത് ഒരു ഗോള്‍വാള്‍ക്കറിയന്‍ വിധിയായിട്ടാണ് ജനാധിപത്യവിശ്വാസികള്‍ വിലയിരുത്തുന്നതെന്നും യോഗം വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ വിശിഷ്യാ മുസ് ലിം സ്ത്രീകളുടെ മുന്നേറ്റത്തില്‍ നാഗ്പൂര്‍ പ്രമാണികള്‍ അസ്വസ്ഥരാണ്. 'ചില പ്രത്യേക വിഭാഗങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നു' എന്ന ആര്‍ എസ് എസ്സ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവന അതാണ് വിളിച്ചു പറയുന്നത്.ഹിജാബിനെ ഒരു പ്രശ്‌നമാക്കി മുസ് ലിം സമുദായത്തിന്റെ വിദ്യാഭ്യാസഅധികാര മേലെയിലെ മുന്നേറ്റത്തിന് തടയിടാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. പഠിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ആരംഭിച്ച മതമാണ് ഇസലാം. അതിനാല്‍ മതവും വിദ്യാഭ്യാസവും ഒന്നിച്ചു കൊണ്ടു പോകേണ്ടവരാണ് മുസ് ലിംകള്‍. മതത്തിന് വേണ്ടി വിദ്യാഭ്യാസമോ വിദ്യാഭ്യാസത്തിന് വേണ്ടി മതമോ മാറ്റിവെക്കാന്‍ തല്‍ക്കാലം ആരും ഉപദേശിക്കേണ്ടതില്ല.
ഹിജാബ് വിധിയിലൂടെ കര്‍ണാടക ഹൈക്കോടതി ഭരണഘടനയെയും ഖുര്‍ആനെയും അവമതിച്ചിരിക്കുകയാണ്. ഈ പ്രവണത രാജ്യത്തിന്റെ ഭാവിയെയാണ് അപകടപ്പെടുത്തുന്നത്. പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഫാസിസത്തിനെതിരെ കാവല്‍ നില്‍ക്കേണ്ടവരാണ് ഭരണഘടനാ സ്ഥാപനങ്ങള്‍.നീതി പുന:സ്ഥാപിച്ചെടുക്കും വരെ ജനാധിപത്യപരമായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടത്താന്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്നും യോഗം വ്യക്തമാക്കി.
ഉസ്താദ് മുഹമ്മദ് കുട്ടി അല്‍ ഹാദി യോഗം ഉദ്ഘാടനം ചെയ്തു.പുറയാര്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഹസനി അധ്യക്ഷത വഹിച്ചു. യൂസുഫ് അല്‍ ഹസനി കുടയത്തൂര്‍, അമീന്‍ അല്‍ ഹസനി കോലാനി,സൈഫുദ്ദീന്‍ അല്‍ ഹസനി കണ്ണൂര്‍,ഷറഫുദ്ദീന്‍ അല്‍ ഹസനി വാഴക്കുളം, ത്വാഹിര്‍ അല്‍ ഹസനി ചേലക്കുളം, മുനീര്‍ അല്‍ ഹസനി കൈപൂരിക്കര, ശാക്കിര്‍ അല്‍ ഹസനി ഏലൂക്കര സംസാരിച്ചു.അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ബാസിത് അല്‍ ഹസനി ഈരാറ്റുപേട്ട സ്വാഗതവും സെക്രട്ടറി ശിഹാബുദ്ധീന്‍ അല്‍ ഹസനി കൊടുങ്ങല്ലൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് സമീര്‍ ഹസനി പൊന്നാനി നന്ദിയും പറഞ്ഞു.