ലക്ഷദ്വീപിലേക്കുള്ള യാത്ര, ചരക്ക് ഗതാഗതം: കേരള മാരിടൈം ബോര്‍ഡ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനുമായി ചര്‍ച്ച നടത്തി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കൊച്ചിയിലെ ഓഫീസില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറര്‍ എസ് എസ് പരിഹാറുമായി കേരള മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി പി സലിംകുമാര്‍, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ് എന്നിവരാണ് ചര്‍ച്ച നടത്തിയത്

Update: 2022-09-13 10:30 GMT

കൊച്ചി:ലക്ഷദ്വീപിലേക്കുള്ള യാത്ര, ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി കേരള മാരിടൈം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായി ചര്‍ച്ച നടത്തി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കൊച്ചിയിലെ ഓഫീസില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറര്‍ എസ് എസ് പരിഹാറുമായി കേരള മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി പി സലിംകുമാര്‍, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ് എന്നിവരാണ് ചര്‍ച്ച നടത്തിയത്.

തിരുവോണദിവസം എസ് എസ് പരിഹാര്‍ കേരള മാരിടൈം ബോര്‍ഡിന് കീഴിലുള്ള ബേപ്പൂര്‍, അഴീക്കല്‍ പോര്‍ട്ടുകള്‍ സന്ദര്‍ശിച്ചിരുന്നു. ബേപ്പൂര്‍ തുറമുഖത്തെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് എസ് എസ് പരിഹാര്‍ മാരിടൈം ബോര്‍ഡ് ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍ മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷദ്വീപിന്റെ കപ്പലുകള്‍ക്കു മാത്രമായി 22 കോടി രൂപ ചെലവില്‍ ബര്‍ത്ത് പണിയാനുള്ള നിര്‍ദ്ദേശം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നും നിലവിലുണ്ട്.

തുറമുഖത്ത് കപ്പല്‍ ചാനലിന്റെ ആഴം വര്‍ധിപ്പിക്കുക, തുറമുഖത്തെ തൊഴിലാളികളുടെ അന്യായമായ ചാര്‍ജുകള്‍ വെട്ടിക്കുറക്കുക, ഡ്യൂട്ടി സമയം വര്‍ധിപ്പിക്കുക, ചരക്കുകള്‍ സ്‌കാന്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, ഒഴിവ് ദിവസങ്ങളില്‍ കയറ്റിറക്കുമതിക്ക് വേണ്ടി ഈടാക്കുന്ന അമിതമായ ഓവര്‍ടൈം അലവന്‍സ് കുറയ്ക്കുക, ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്ത വ്യക്തികള്‍ പോര്‍ട്ടിനുള്ളിലേക്ക് കടക്കുന്നത് തടയുക, സ്ഥിരമായി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുക എന്നീ നിര്‍ദ്ദേശങ്ങളാണ് ലക്ഷദ്വീപ് അധികൃതര്‍ മുന്നോട്ടുവച്ചത്.

ഡ്രഡ്ജിങ് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് മാരിടൈം ബോര്‍ഡ് സി.ഐ.ഒ അറിയിച്ചു. തുറമുഖത്തെ മറ്റു പ്രശ്‌നങ്ങളില്‍ വേണ്ടപ്പെട്ടവരുമായി ചര്‍ച്ചയ്ക്ക് അവസരം ഒരുക്കുമെന്ന് പോര്‍ട്ട് ഓഫീസറും അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി കോഴിക്കോട് വീണ്ടും യോഗം ചേരാമെന്ന് ഇരുകൂട്ടരും സമ്മതിച്ചു.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കൊച്ചി തുറമുഖത്ത് സ്ഥാപിച്ചിട്ടുള്ള ഡെഡിക്കേറ്റഡ് ബര്‍ത്തും, സ്‌കാനിങ് സൗകര്യങ്ങളും മറ്റും ലക്ഷദ്വീപ് അധികൃതര്‍ കേരള മാരീഡ് ബോര്‍ഡ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി. ലക്ഷദ്വീപ് തുറമുഖ ഡെപ്യൂട്ടി ഡയറക്ടര്‍ ഷക്കീല്‍ അഹമ്മദും ചര്‍ച്ചയില്‍ പങ്കെടുത്തു.

Similar News