വിഴിഞ്ഞം സമര യാത്ര: മൂലംപള്ളിയില്‍ നിന്ന് നാളെ ഫ് ളാഗ് ഓഫ് ചെയ്യും

2008 ഫെബ്രുവരി ആറിന് യാതൊരു പുനരധിവാസവും ഇല്ലാതെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് വേണ്ടി പോലീസ് ബലപ്രയോഗത്തിലൂടെ കുടുംബങ്ങളെ കുടിയിറക്കിയ അതേ സ്ഥലത്ത് നിന്നായിരിക്കും പതാക ജാഥ ക്യാപ്റ്റന് കൈമാറുന്നതെന്ന് കോഡിനേഷന്‍ കമ്മിറ്റി

Update: 2022-09-13 10:50 GMT

കൊച്ചി : പുനരധിവാസത്തിനുവേണ്ടി പ്രക്ഷോഭത്തിന്റെ പാതയില്‍ അണിനിരന്നിട്ടുള്ള വിഴിഞ്ഞത്തെ കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആരംഭിക്കുന്ന ജാഥ നാളെ ഉച്ചയ്ക്ക് 2.30 ന് മൂലംപള്ളിയില്‍ നിന്ന് ഫ് ളാഗ് ഓഫ് ചെയ്യും.2008 ഫെബ്രുവരി ആറിന് യാതൊരു പുനരധിവാസവും ഇല്ലാതെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് വേണ്ടി പോലീസ് ബലപ്രയോഗത്തിലൂടെ കുടുംബങ്ങളെ കുടിയിറക്കിയ അതേ സ്ഥലത്ത് നിന്നായിരിക്കും പതാക ജാഥ ക്യാപ്റ്റന് കൈമാറുന്നത്.

മുളവുകാട്, കോതാട്, ചേരാനല്ലൂര്‍, വടുതല ഏലൂര്‍, എളമക്കര , മഞ്ഞുമ്മല്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടു് വനിതകള്‍ ആയിരിക്കും കൈമാറ്റം നിര്‍വഹിക്കുന്നത്. 14 വര്‍ഷം മുമ്പ് , 19/03/2008 ന് പ്രക്ഷോഭണത്തിലൂടെ നേടിയെടുത്ത പുനരധിവാസ പാക്കേജ് നാളിതുവരെ ആയിട്ടും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്ന് കോഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. ഒഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍ ബഹുഭൂരിപക്ഷവും വാടക വീടുകളിലും പണയത്തിന് എടുത്ത കെട്ടിടങ്ങളിലും നരക ജീവിതം തള്ളിനീക്കുകയാണ്. പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കാതെ 32 പേര്‍ ഇതിനകം മരണത്തിന് കീഴടങ്ങി. നിരവധി വ്യക്തികള്‍ കിടപ്പുരോഗികളായി. അനേകരുടെ മാനസിക നില താളം തെറ്റി.

കുടുംബങ്ങള്‍ ശിഥിലമായി. പദ്ധതിയില്‍ തൊഴില്‍ നല്‍കുമെന്നുള്ള ഉത്തരവും വീട് നിര്‍മ്മിക്കുന്നത് വരെ വാടക നല്‍കും എന്നുള്ള വിജ്ഞാപനവും ജലരേഖയായി തുടരുന്നു. രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിക്ക് വേണ്ടി വീടും കിടപ്പാടവും തൊഴില്‍ സ്ഥാപനങ്ങളും നഷ്ടപ്പെടുത്തിയ കുടുംബങ്ങള്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ അഭയാര്‍ത്ഥികള്‍ ആയിരിക്കുകയാണ്. ഹൈക്കോടതി വിധിയും സര്‍ക്കാര്‍ ഉത്തരവും നിലനിന്നിട്ട് പോലും പുനരുധിവാസ പാക്കേജ് നടപ്പിലാക്കാന്‍ അധികാരികള്‍ വിസമ്മതിക്കുകയാണ് എന്ന് കോഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.

പാക്കേജ് നടപ്പിലാക്കുവാന്‍ ചുമതലപ്പെടുത്തപ്പെട്ട ജില്ലാ കളക്ടര്‍ അധ്യക്ഷന്‍ ആയിട്ടുള്ള നിരീക്ഷണ സമിതി യോഗം ചേര്‍ന്നിട്ട് നാലു വര്‍ഷത്തിലേറെയായി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വീടും പുരയിടവും തൊഴില്‍ സ്ഥാപനങ്ങളും വിട്ടുകൊടുക്കേണ്ടിവരുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇതൊരു പാഠമാണെന്ന് കമ്മിറ്റി ഓര്‍മിപ്പിച്ചു.ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി പി വില്‍സണ്‍, സാബു എളമക്കര, മൈക്കിള്‍ കോതാട്, സുരേഷ് മുളവുകാട്, ജോര്‍ജ് ചേരാനല്ലൂര്‍, മേരി ഫ്രാന്‍സിസ് മൂലംപള്ളി, പി ഉണ്ണികൃഷ്ണന്‍ ഏലൂര്‍, മഞ്ഞുമ്മല്‍ പി എസ് രാമകൃഷ്ണന്‍ മഞ്ഞുമ്മല്‍, ജമാല്‍, ജോണി ജോസഫ്, ജസ്റ്റിന്‍ പി എ, മാര്‍ട്ടിന്‍ വടുതല യോഗത്തില്‍ സംസാരിച്ചു

Similar News