ആയോധനകളില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ വക 'പഞ്ചും ജുഡോക്കയും' ;എറണാകുളം ജില്ലയില്‍ 25 വിദ്യാര്‍ഥികള്‍ക്ക് വീതം പരിശീലനം നല്‍കും
കടയിരിപ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളാണ് ഇതിനായി അനുവദിച്ചിട്ടുള്ള എറണാകുളം ജില്ലയിലെ ഏക പരിശീലന കേന്ദ്രം. ബോക്‌സിങ്ങിലും ജൂഡോയിലും അഭിരുചിയുള്ള വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനായി ഇന്നും തിങ്കളാഴ്ചയുമായി രണ്ട് ക്യാംപുകള്‍ ജില്ലയില്‍ സംഘടിപ്പിക്കും.
കൊച്ചി: കായിക ഇനങ്ങളായ ജൂഡോയിലും ബോക്‌സിംഗിലും മികച്ച പരിശീലകരെ കണ്ടെത്താന്‍ സാധിക്കാതെ പോവുന്ന വിദ്യാര്‍ഥികള്‍ക്കായി ആയോധന പരിശീലന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓരോ ഇനത്തിലും ജില്ലാതലത്തില്‍ പ്രത്യേക ക്യാംപുകള്‍ നടത്തി തിരഞ്ഞെടുക്കുന്ന 25 കുട്ടികള്‍ക്ക് വീതമാണ് മികച്ച പരിശീലനം നല്‍കുന്നത്. കടയിരിപ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളാണ് ഇതിനായി അനുവദിച്ചിട്ടുള്ള എറണാകുളം ജില്ലയിലെ ഏക പരിശീലന കേന്ദ്രം.
ബോക്‌സിങ്ങിലും ജൂഡോയിലും അഭിരുചിയുള്ള വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനായി ഇന്നും തിങ്കളാഴ്ചയുമായി രണ്ട് ക്യാംപുകള്‍ ജില്ലയില്‍ സംഘടിപ്പിക്കും.കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കി രാജ്യാന്തര മല്‍സരങ്ങള്‍ക്കുള്‍പ്പടെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജന വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് പരിശീലന പരിപാടികളുടെ നിര്‍വഹണ ചുമതല. ബോക്‌സിംഗ് പരിശീലനം പഞ്ച് എന്ന പേരിലും ജുഡോ പരിശീലനം ജുഡോക്ക എന്ന പേരിലുമാണ് സംഘടിപ്പിക്കുന്നത്.
എട്ടിനും പതിനാറിനുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. ഓരോ കായിക ഇനത്തിലും തിരഞ്ഞെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ആവശ്യമായ കായിക ഉപകരണങ്ങളും ജേഴ്‌സികളും വിദഗ്ധ പരിശീനവും സര്‍ക്കാര്‍ നല്‍കും. ഇതിനായി ഏറ്റവും മികച്ച പരിശീലകരെ കായിക വകുപ്പ് കണ്ടെത്തി കഴിഞ്ഞു. താഴെ തട്ടില്‍ തുടങ്ങി ചിട്ടയായ പരിശീലനം നല്‍കി മികച്ച കായിക താരങ്ങളെ സൃഷ്ടിച്ചെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.