14 തടവുകാര്‍ക്കും ഉദ്യോഗസ്ഥനും കൊവിഡ്; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രതിസന്ധി
ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേരിലേയ്ക്ക് വൈറസ് പടരുമോയെന്ന ആശങ്കയിലാണ് ജയില്‍ അധികൃതര്‍.
തൃശൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് പിന്നാലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. ജയിലില്‍ 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 തടവുകാര്‍ക്കും ഒരു ജയില്‍ ഉദ്യോഗസ്ഥനും കൊവിഡ് പോസിറ്റീവായതോടെ സ്ഥിതി ഗുരുതരമായിരിക്കുകയാണ്. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേരിലേയ്ക്ക് വൈറസ് പടരുമോയെന്ന ആശങ്കയിലാണ് ജയില്‍ അധികൃതര്‍.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തടവുകാര്‍ക്ക് പരോള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 175 ലധികം പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്.
കഴിഞ്ഞ ദിവസം മാത്രം 83 പേര്‍ക്ക് രോഗം കണ്ടെത്തി. ഏപ്രില്‍ 20 മുതല്‍ നാലുദിവസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തിയിരുന്നു. 10 ജീവനക്കാര്‍ക്ക് അടക്കമാണ് രോഗം ബാധിച്ചത്. തടവുകാരും ജീവനക്കാരും അടക്കം ആകെ 1050 പേരാണ് ജയിലിലുള്ളത്. പരോള്‍ കഴിഞ്ഞ് ജയിലിലെത്തിയ രണ്ടുപേര്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രോഗം ബാധിച്ചവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്.