40,000 നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലന്‍ഡ്സ്; നല്‍കാമെന്ന് മുഖ്യമന്ത്രി
നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30000-40000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയത്.
തിരുവനന്തപുരം: നെതര്‍ലന്‍ഡ്‌സിന് ആവശ്യമായ നഴ്സുമാരുടെ സേവനം ലഭ്യമാക്കാന്‍ കേരളത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെതര്‍ലന്‍ഡ്‌സിന്റെ ഇന്ത്യന്‍ സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിനെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30000-40000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസില്‍ സന്ദര്‍ശിച്ചപ്പോഴാണ് നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.