എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം; എന്‍സിപി നേതൃയോഗത്തില്‍ തര്‍ക്കവും കൈയാങ്കളിയും

മന്ത്രി എ കെ ശശീന്ദ്രനെ വീണ്ടും എലത്തൂരില്‍ മല്‍സരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കോഴിക്കോട് ചേര്‍ന്ന എന്‍സിപി ജില്ലാ നേതൃയോഗമാണ് ബഹളത്തില്‍ കലാശിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ എ കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് പരസ്പരം രൂക്ഷമായ വാഗ്വാദമുണ്ടായത്.

Update: 2021-03-04 07:12 GMT

കോഴിക്കോട്: മന്ത്രി എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ തര്‍ക്കവും കൈയാങ്കളിയും. മന്ത്രി എ കെ ശശീന്ദ്രനെ വീണ്ടും എലത്തൂരില്‍ മല്‍സരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കോഴിക്കോട് ചേര്‍ന്ന എന്‍സിപി ജില്ലാ നേതൃയോഗമാണ് ബഹളത്തില്‍ കലാശിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ എ കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് പരസ്പരം രൂക്ഷമായ വാഗ്വാദമുണ്ടായത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇരുവിഭാഗമായി ചേരിതിരിഞ്ഞ് നേതാക്കള്‍ തമ്മില്‍ തര്‍ക്കവും പിന്നെ കൈയാങ്കളിയിലുമായി.

രണ്ടുതവണ മല്‍സരിച്ചവര്‍ മാറിനില്‍ക്കണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ശശീന്ദ്രന്‍തന്നെ വരണമെന്ന് മറ്റൊരു വിഭാഗം നിലപാടെടുത്തു. കോഴിക്കോട് ജില്ലയിലെ 13 ബ്ലോക്കുകളിലെ നാല് ബ്ലോക്കുകളില്‍ ശശീന്ദ്രനെതിരേ മുമ്പുതന്നെ വിമര്‍ശനമുണ്ടായിരുന്നു. പാര്‍ട്ടിയിലെ യുവനേതാക്കള്‍ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിന് എതിരാണ്. എന്‍സിപി ശക്തികേന്ദ്രമായ ബാലുശേരി മേഖലയില്‍ ശശീന്ദ്രനെതിരേ വലിയ എതിര്‍പ്പാണ് പ്രവര്‍ത്തകര്‍ക്കുളളത്.

ശശീന്ദ്രനെ എതിര്‍ക്കുന്നവര്‍ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരാണ് നിര്‍ദേശിക്കുന്നത്. പാര്‍ട്ടിക്ക് മൂന്ന് സീറ്റാണ് എല്‍ഡിഎഫ് ഇത്തവണ നല്‍കിയിട്ടുള്ളത്. ഇതില്‍ കുട്ടനാട് തോമസ് കെ തോമസ് തന്നെയാവും സ്ഥാനാര്‍ഥി. കോട്ടയ്ക്കല്‍ സീറ്റില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും വരും. അതിനാല്‍, ഒരു ഹിന്ദു സ്ഥാനാര്‍ഥി എലത്തൂരില്‍ വേണമെന്നാണ് ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

എലത്തൂരില്‍ രണ്ടുതവണയടക്കം എട്ടുതവണ നിലവില്‍ ശശീന്ദ്രന്‍ മല്‍സരിച്ചിട്ടുണ്ട്. തുടര്‍ന്നായിരുന്നു ഇത്തവണ മാറിനില്‍ക്കട്ടെയെന്ന നിര്‍ദേശം വന്നത്. തര്‍ക്കമുണ്ടായാല്‍ മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്ന ആശങ്കയുമുണ്ട്. ശശീന്ദ്രന് ഏലത്തൂര്‍ സീറ്റാണോ ലഭിക്കുകയെന്ന് വ്യക്തമായിട്ടില്ല. എങ്കിലും എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം സുരക്ഷിതമല്ലെന്നാണ് എന്‍സിപിയിലെ ഭിന്നത ചൂണ്ടിക്കാണിക്കുന്നത്.

Tags:    

Similar News