കോഴിക്കോട് കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; വെടിവെച്ചുകൊന്നു
ക്യാഷ് കൗണ്ടറിന് മുകളിലൂടെ ചാടി രക്ഷപ്പെട്ട കടയുടമ പെട്ടെന്നുതന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി. ഇതോടെ പന്നി കടയ്ക്കുള്ളില്‍ അകപ്പെട്ടു.
കോഴിക്കോട്: ഓമശ്ശേരിയിൽ കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ശനിയാഴ്ച വൈകിട്ട് 5.15 നാണ് സംഭവം. ഓമശ്ശേരി മുയല്‍വീട്ടില്‍ അജീഷ് ഖാന്റെ ഉടമസ്ഥതയിലുള്ള, താഴെ ഓമശ്ശേരിയിലെ പണിയായുധങ്ങള്‍ വില്‍ക്കുന്ന ടൂള്‍ മാര്‍ട്ട് എന്ന കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.
പന്നി കയറുമ്പോള്‍ അജീഷ് ഖാന്‍ കടയിലുണ്ടായിരുന്നു. ക്യാഷ് കൗണ്ടറിന് മുകളിലൂടെ ചാടി രക്ഷപ്പെട്ട കടയുടമ പെട്ടെന്നുതന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി. ഇതോടെ പന്നി കടയ്ക്കുള്ളില്‍ അകപ്പെട്ടു. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതോടെ താമരശ്ശേരി ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെടുകയും പന്നിയെ കൊല്ലാന്‍ എംപാനല്‍ ഷൂട്ടറെ നിയോഗിക്കുകയും ചെയ്തു.
സംഭവ സ്ഥലത്തെത്തിയ ഓമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുല്‍ നാസറിന്റെ അനുമതിയോടെ ഫോസ്റ്റ് എംപാനല്‍ ഷൂട്ടര്‍ തങ്കച്ചന്‍ കുന്നുംപുറത്ത് കടയ്ക്കുള്ളില്‍ വെച്ച് പന്നിയെ വെടിവെച്ചു കൊന്നു. ബസ് സ്റ്റാന്റിന് പിന്‍വശത്തുള്ള ഗ്രൗണ്ടില്‍ പന്നിയെ സംസ്‌കരിക്കും.