നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി

മാര്‍ച്ച് ഒന്നിന് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ലേയെന്ന് ഹൈക്കോടതി.അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഏതാനും ഡിജിറ്റല്‍ തെളിവുകള്‍ കുടി പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍

Update: 2022-02-22 11:10 GMT

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷണം നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും മാര്‍ച്ച് ഒന്നിന് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ലേയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി. ഈ കേസില്‍ മാത്രം എന്താണിത്ര പ്രത്യേകതയെന്നും കോടതി ചോദിച്ചു.ഒരു സാക്ഷിയുടെ മൊഴി അന്വേഷിക്കാന്‍ എന്തിനാണ് ഇത്ര സമയമെന്നും കോടതി ചോദിച്ചു.

കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.തുടരന്വേഷണം എപ്പോള്‍ പൂര്‍ത്തിയാകുമെന്നും ഇപ്പോള്‍ തന്നെ രണ്ടുമാസം പിന്നിട്ടുവെന്നും വാദനത്തിനിടയില്‍ കോടതി ചോദിച്ചു.അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഏതാനും ഡിജിറ്റല്‍ തെളിവുകള്‍ കുടി പരിശോധിക്കാനുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

അതേ സമയം കേസിലെ തുടരന്വേഷണം വിചാരണ അട്ടിമറിക്കാനാണെന്നാണ് ദിലീപിന്റെ വാദം.അന്വേഷണസംഘം വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടു. വിചാരണ അട്ടിമറിക്കുകയെന്ന ഗുഡലക്ഷ്യത്തോടെയാണ് പ്രോസിക്യുഷന്‍ തുടരേന്വഷണം ആവശ്യപ്പെടുന്നതെന്നും ഹരജിയില്‍ പറയുന്നു.

തുടരന്വേഷണം പരമാവധി വലിച്ചു നീട്ടുന്നതിന് അന്വേഷണസംഘം ശ്രമിക്കുകയാണെന്നും ദിലീപ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസിലെ തുടരന്വേഷണ നടപടി.ബലചന്ദ്രകുമാറിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ് തന്നെ അപകീര്‍ത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനും ആണ് തുടരന്വേഷണം എന്നും ദിലീപ് ഹരജിയില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News