നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്ത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ച് ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിന് താന്‍ ദൃക്‌സാക്ഷിയാണെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ വീട്ടിലെത്തിച്ചതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.
രണ്ടുദിവസങ്ങളിലായി ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന കൂടുതല്‍ ആളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഇന്ന് വീണ്ടും അന്വേഷണസംഘം വിളിച്ചുവരുത്തും. കേസില്‍ ദിലീപിനെ രണ്ടുദിവസങ്ങളിലായി 16 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വധശ്രമ ഗുഢാലോചന കേസില്‍ അന്വേഷണസംഘം ശരത്തിനെ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ദിലീപുമായി സുഹൃത്ത് ബന്ധം മാത്രമാണെന്നാണ് ശരത്തിന്റെ മൊഴി. ബാലചന്ദ്രകുമാറിനെയും ശരത്തിനെയും ഒന്നിച്ചിരുത്തിയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.
ആരോപണങ്ങളെല്ലാം ദിലീപ് നിഷേധിച്ചു. ബാലചന്ദ്രകുമാര്‍ കൈമാറിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് ആവര്‍ത്തിച്ചു. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് കേസ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകള്‍ ഇല്ലാതാക്കാന്‍ പോലിസ് കെട്ടിച്ചമച്ചതാണ് വധഗൂഢാലോചനാ കേസ് എന്നണ് ദിലീപിന്റെ വാദം. എന്നാല്‍, ദിലീപിനെതിരേ വ്യക്തമായ തെളിവുണ്ടെന്നും ഫോണ്‍ രേഖകള്‍ അടക്കം നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.