ഐശ്വര്യ കേരളയാത്രയ്ക്ക് തുടക്കമായി; കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാരെന്ന് ചെന്നിത്തല
കാസര്‍കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് കാസര്‍കോട് കുമ്പളയില്‍ തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു. കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാരാണെന്ന് ഉദ്ഘാടന ചടങ്ങില്‍ ചെന്നിത്തല ആരോപിച്ചു. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നു എന്നുളളതാണ് സത്യം. അധോലോക കൊളളസംഘങ്ങള്‍ പോലും ഇവരുടെ അടുത്ത് വരില്ല, ചമ്പല്‍ക്കാട്ടിലെ കൊളളക്കാര്‍ ഇവരെ കണ്ടാല്‍ നമിക്കും.
മന്ത്രിമാര്‍ക്ക് പോലും കടന്നുചെല്ലാന്‍ കഴിയാത്ത മുഖ്യമന്ത്രിയുടെ ഓഫിസിലെ ഇരുമ്പ് കോട്ടയ്ക്കകത്ത് എങ്ങനെയാണ് സ്വപ്‌ന യഥേഷ്ടം കടന്നു ചെന്നത്. മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന് കൊളളക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത് മറക്കാറായിട്ടില്ല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നു എന്നുളളതാണ് സത്യം. നമ്മുടെ ദൗത്യം വളരെ വലുതാണ് കേരളത്തെ മോചിപ്പിക്കന്‍ വേണ്ടയുളള ദൗത്യമാണ് അത്. 35 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന മണ്ണാണ് ഇത്. നാല് ലോക്കപ്പ് കൊലപാതകങ്ങള്‍, 7 മാവോവാദികളെ വെടിവച്ചുകൊലപ്പെടുത്തി.
മാര്‍ക്‌സിസ്റ്റുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും നീതി കിട്ടാത്ത ഭരണകാലമായിരുന്നു ഇത്. പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ ഭരണം ഇനി കേരളത്തിന് താങ്ങാന്‍ കഴിയില്ല. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ നാടുമുഴുവന്‍ നടന്ന് വര്‍ഗീയത പറയുകയാണ് സിപിഎം. മുഖ്യമന്ത്രി തീക്കൊളളികൊണ്ട് തലചൊറിയുകയാണ്. കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനാണ് ശ്രമം. ഈ വര്‍ഗീയതക്കെതിരേയാണ് യുഡിഎഫിന്റെ പോരാട്ടം. ജനാധിപത്യത്തിന് മാന്യത കല്‍പ്പിക്കാത്ത ഭരണകൂടമാണ് ഇന്ത്യയിലേതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് ജാഥ ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടതിന്റെ ഭരണകാലം. കേരളത്തിലെ ജനങ്ങള്‍ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തളളിക്കളയുമെന്ന് എനിക്കുറപ്പാണ്. രമേശ് ചെന്നിത്തല നിയമസഭയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അക്കമിട്ട് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സിലുണ്ട്. ചെറുപ്പക്കാര്‍ വളരെയധികം വേദനയിലാണ്, അവര്‍ക്ക് ജോലിയില്ല. അവര്‍ക്ക് മുഴുവനും ജോലി കൊടുക്കണമെന്ന് പറയുകയല്ല മറിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന ജോലി അത് സുതാര്യമായിരിക്കണം. നീതിപൂര്‍വം ആയിരിക്കണം. പുറംവാതില്‍ നിയമനം അനുവദിക്കില്ല. അത്തരം നിയമനം നടത്തിയതിന് കേരളത്തിലെ ചെറുപ്പക്കാര്‍ പകരംചോദിക്കും.
ശബരിമലയിലെ വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. യുഡിഎഫ് നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് അവരുടെ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായ സത്യവാങ്മൂലം കൊടുത്തു. അങ്ങനെയാണ് അവര്‍ വിധി ചോദിച്ചുവാങ്ങിയത്. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടതുപക്ഷം ആഗ്രഹിച്ചിരുന്നെങ്കില്‍ അത് പിന്‍വലിക്കാന്‍ അവര്‍ തയ്യാറാകുമായിരുന്നു. ഈ സര്‍ക്കാര്‍ ജനഹിതം സ്വീകരിക്കാനാണോ അതോ തങ്ങളുടെ താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണോ ശ്രമിക്കേണ്ടതെന്ന് അറിയേണ്ടിയിരിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തും. 23 ന് തിരുവനന്തപുരത്ത് സമാപന റാലി കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.