സിപിഎമ്മിനെയും സര്‍ക്കാരിനെയും കടന്നാക്രമിച്ച് രാഹുല്‍; ഐശ്വര്യകേരളയാത്രയ്ക്ക് ഉജ്ജ്വല സമാപനം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരളയാത്രയ്ക്ക് ശംഖുമുഖം കടപ്പുറത്ത് ഉജ്ജ്വല സമാപനം. കാസര്‍കോട് നിന്നാരംഭിച്ച യാത്രയുടെ സമാപനത്തിന് വന്‍ ജനാവലിയാണെത്തിയത്. എഐസിസി മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാവട്ടെ പ്രസംഗത്തില്‍ ഇടതുസര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിക്കുകയും ചെയ്തു. ബിജെപിയും സിപിഎമ്മും തമ്മില്‍ ഒത്തുകളിയുണ്ടെന്നു സ്വര്‍ണക്കടത്തുകേസില്‍ സിബിഐ, ഇഡി അന്വേഷണം മന്ദഗതിയിലാവുന്നതിനെ സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ചതാക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. ആര്‍ക്കുവേണ്ടിയാണ് മികച്ചതാക്കുമെന്ന് അവര്‍ പറയുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടിയോ ഇടതുസംഘടനകള്‍ക്കു വേണ്ടിയോ. ഇടതുപക്ഷ പ്രസ്ഥാനത്തില്‍ അംഗമാണെങ്കില്‍ ഇവിടുത്തെ എല്ലാം ജോലിയും നിങ്ങള്‍ക്ക് ലഭ്യമാണ്. അവരുടെ കൊടി പിടിച്ചാല്‍ എത്ര സ്വര്‍ണം വേണമെങ്കിലും കടത്താം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നുവരെ നിങ്ങള്‍ക്ക് സ്വര്‍ണക്കള്ളക്കടത്ത് നടത്താമെന്നും രാഹുല്‍ പറഞ്ഞു.
അവരുടെ കൊടിപിടിക്കാത്ത ഒരാളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് സെക്രട്ടേറിയറ്റിന്റെ മുന്നിലിരുന്ന് നിലവിളിക്കേണ്ടിവരും. സമരം കിടക്കുന്നവര്‍ തന്റെ പാര്‍ട്ടിക്കാരല്ലെന്നതിനാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ പോലും കൂട്ടാക്കുന്നില്ല. സമരം കിടന്നുമരിച്ചാലും സംസാരിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. സിപിഎം ആക്രമണത്തെ കോണ്‍ഗ്രസ് ഭയക്കുന്നില്ല. മോദി സര്‍ക്കാര്‍ തൊഴില്‍ ദാതാക്കളുടെ നട്ടെല്ല് തകര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണ്. കര്‍ഷകരെ ഭീകരരായി കേന്ദ്രസര്‍ക്കാര്‍ മുദ്രകുത്തുകയാണ്. യുഡിഎഫിന്റെ പ്രകടനപത്രിക ജനങ്ങളുടെ പ്രകടനപത്രികയാവും. എല്ലാവര്‍ക്കും സൗജന്യ ചികില്‍സ എന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Rahul attacks CPM and LDF government; ends Aishwarya Kerala Yatra