ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും; രാഹുല്‍ ഗാന്ധി പങ്കെടുക്കും
വൈകീട്ട് മൂന്നിന് കോഴിക്കോടുനിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധി യുഡിഎഫ് യോഗത്തില്‍ പങ്കെടുത്ത ശേഷമാവും ഐശ്വര്യ കേരളയാത്ര സമാപനസമ്മേളന വേദിയിലെത്തുക.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യകേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. സംശുദ്ധം, സദ്ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 31ന് കാസര്‍കോട് കുമ്പളയില്‍നിന്നാരംഭിച്ച ഐശ്വര്യ കേരള യാത്ര ഞായറാഴ്ചയാണ് പാറശാലയില്‍ പര്യടനം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഔദ്യോഗിക സമാപനമാണ് ഇന്ന് ശംഖുമുഖത്ത് നടക്കുന്നത്. സമാപനത്തോടനുബന്ധിച്ച് നഗരത്തില്‍ പതിനായിരങ്ങളെ അണിനിരത്തി റാലിയും സംഘടിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
വൈകീട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കോഴിക്കോടുനിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധി യുഡിഎഫ് യോഗത്തില്‍ പങ്കെടുത്ത ശേഷമാവും ഐശ്വര്യ കേരളയാത്ര സമാപനസമ്മേളന വേദിയിലെത്തുക. സമാപന സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എ എ അസീസ് എന്നിവരും സംസാരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അറിയിച്ചു. 23 ദിവസങ്ങള്‍കൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളില്‍ രാഷ്ട്രീയ വിശദീകരണം നടത്തിയാണ് യാത്ര സമാപിക്കുന്നത്.
മധ്യകേരളത്തിലെത്തിയപ്പോള്‍ മാണി സി കാപ്പനെ ഇടതുപാളയത്തില്‍നിന്ന് യുഡിഎഫിലെത്തിക്കാന്‍ യാത്രയ്ക്കിടെയിലായി. കൊല്ലത്തെത്തിയതോടെ ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ അഴിമതി ആരോപണം അഴിച്ചുവിട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരവും ജാഥയിലുടനീളം ഉന്നയിച്ചു.
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ക്ക് താഴെ പറയുന്ന റൂട്ടും പാര്‍ക്കിങ് സ്ഥലങ്ങളും ഉള്‍പ്പെടെയുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.പി കെ വേണുഗോപാലും അറിയിച്ചു.
1) നെയ്യാറ്റിന്‍കര, നേമം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍.
കരമന, കിള്ളിപ്പാലം ജങ്ഷനില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് അട്ടക്കുളങ്ങര ബൈപാസ് വഴി ഈഞ്ചക്കല്‍ ജങ്ഷന്‍ വള്ളക്കടവ് ബംഗ്ലാദേശ് വലിയതുറ ജങ്ഷന്‍ വഴി ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിനു മുന്നില്‍ ആളെ ഇറക്കിയശേഷം സുലൈമാന്‍ സ്ട്രീറ്റ് റോഡ്, സെന്റ്‌സേവിയേഴ്‌സ് ചര്‍ച്ച് റോഡ് വഴി തിരികെ ബംഗ്ലാദേശ് വള്ളക്കടവ് ജങ്ഷന്‍ വഴി ഈഞ്ചക്കല്‍ ബൈപാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
2) പാറശ്ശാല, കോവളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍
ഹൈവേ വഴി ഈഞ്ചക്കല്‍ ജങ്ഷനില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് വള്ളക്കടവ് ബംഗ്ലാദേശ് വലിയതുറ ജങ്ഷന്‍ വഴി ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ജങ്്ഷനില്‍ ആളെ ഇറക്കി സുലൈമാന്‍ സ്ട്രീറ്റ് റോഡ്, സെന്റ് സേവിയേഴ്‌സ് ചര്‍ച്ച്‌റോഡ് വഴി ബംഗ്ലാദേശ്- വള്ളക്കടവ് വഴി ഹൈവേയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്
3) നെടുമങ്ങാട്, കാട്ടാക്കട, അരുവിക്കര, വട്ടിയൂര്‍ക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍
പാളയംപേട്ട വഴി ചാക്ക ബൈപാസ് കടന്ന് ആള്‍ സെയിന്റസ് ജങ്ഷന്‍ശംഖുമുഖം ജങ്ഷനില്‍ ആളെയിറക്കിയ ശേഷം തിരികെ കണ്ണാന്തുറ വെട്ടുകാട് റോഡ് വഴി വേളി ഇന്റസ്ട്രിയല്‍ ഏരിയ, യൂത്ത് ഹോസ്റ്റല്‍ പരിസരങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്
4) ആറ്റിങ്ങല്‍, കഴക്കൂട്ടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍
ആള്‍ സെയിന്റസ് ജങ്ഷന്‍ വഴി ശംഖുമുഖം ജങ്ഷനില്‍ ആളെ ഇറക്കിയ ശേഷം കണ്ണാന്തുറ വെട്ടുകാട് റോഡ് വഴി പാര്‍ക്കിങ് ഏരിയയായ വേളി ഇന്റസ്ട്രിയല്‍ ഏരിയ യൂത്ത് ഹോസ്റ്റല്‍ പരിസരം, വെട്ടുകാട് സ്‌കൂള്‍ ഗ്രൗണ്ട്, വെട്ടുകാട് സ്‌കൂളിന് എതിര്‍വശം, വെട്ടുകാട് പള്ളിക്ക് എതിര്‍വശം, വെട്ടുകാട് പളളി പാര്‍ക്കിങ് ഏരിയ എന്നീവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്
5) എംസി റോഡ് വഴി വരുന്ന വാഹനങ്ങള്‍
കേശവദാസപുരം-മെഡിക്കല്‍ കോളജ്- പേട്ട- ചാക്ക-ആള്‍സെയിന്റ്‌സ് വഴി ശംഖുമുഖത്ത് ആളെ ഇറക്കിയശേഷം വേളി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്യണം. യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രവര്‍ത്തകര്‍ വൈകീട്ട് 4 മണിക്ക് മുമ്പ് സമ്മേളന നഗരിയില്‍ പ്രവേശിക്കണം.