കൊവിഡ് ഉയര്‍ത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി ;ജനകീയ കൂട്ടായ്മയിലൂടെ നേരിടും: മന്ത്രി ഡോ.ടി എം തോമസ് ഐസക്
നിലവിലെ രോഗഭീഷണി എന്ന വെല്ലുവിളിയുടെ സാഹചര്യത്തെ നേരിടുന്നതിന് നമുക്ക് വേണ്ട പ്രധാന കാര്യം അച്ചടക്കമാണ്. രോഗവ്യാപനം തടയുന്നതിനുവേണ്ടി സര്‍ക്കാരും അധികൃതരും നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ രോഗം പൂര്‍ണമായി ഇല്ലാതാവും എന്ന് പറയുന്നില്ല, പക്ഷേ അതിന്റെ വ്യാപനത്തിന്റെ തോത് നമുക്ക് നിയന്ത്രിക്കാന്‍ പറ്റും
ആലപ്പുഴ: രാഷ്ട്രം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ഈ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതെന്നും ജനങ്ങളുടെ ആരോഗ്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി ഡോ.ടി എം തോമസ് ഐസക്. ആലപ്പുഴ പോലിസ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത മാര്‍ഗങ്ങള്‍ക്ക് നേരെയും ആ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നു. ഇത് രണ്ടിനെയും നമുക്ക് അതിജീവിക്കേണ്ടിയിരിക്കുന്ന.ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍,തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇവരുടെയെല്ലാം കൂട്ടായ്മയിലൂടെ നമ്മള്‍ വലിയൊരു പ്രതിരോധം നടത്തുകയാണ്. രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ ഒരു വീഴ്ചയും നമ്മുടെ ഭാഗത്ത് നിന്നുമുണ്ടാവില്ല എന്ന ദൃഢ നിശ്ചയമാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ നമ്മള്‍ ഏറ്റെടുക്കേണ്ടത്. നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ മികവും ആരോഗ്യ സ്ഥാപനങ്ങളുടെ ശക്തിയും ജനങ്ങളുടെ കൂട്ടായ്മയുടെ മികവും ചേര്‍ത്ത് ലോകത്തിനു മുമ്പില്‍ ഒരു ബദല്‍ എന്ന രീതിയില്‍ കേരളത്തെ ഉയര്‍ത്തി പിടിക്കാന്‍ നമുക്ക് കഴിയും. നമ്മള്‍ അതിജീവനത്തിലൂടെ മുന്നേറുമെന്നും ധനമന്ത്രി പറഞ്ഞു.
സ്വതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഇത്തവണ നടക്കുന്നത് സാധാരണ രീതിയിലുള്ള നടപടിക്രമങ്ങളും പ്രൗഢിയും എല്ലാം ഒഴിവാക്കിക്കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.നിലവിലെ രോഗഭീഷണി എന്ന വെല്ലുവിളിയുടെ സാഹചര്യത്തെ നേരിടുന്നതിന് നമുക്ക് വേണ്ട പ്രധാന കാര്യം അച്ചടക്കമാണ്. രോഗവ്യാപനം തടയുന്നതിനുവേണ്ടി സര്‍ക്കാരും അധികൃതരും നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ രോഗം പൂര്‍ണമായി ഇല്ലാതാവും എന്ന് പറയുന്നില്ല, പക്ഷേ അതിന്റെ വ്യാപനത്തിന്റെ തോത് നമുക്ക് നിയന്ത്രിക്കാന്‍ പറ്റും. ഈ രോഗത്തിന്റെ പ്രത്യേകത തകര്‍ച്ചയുടെ ആധിക്യമാണ് . ഒരു രോഗി രണ്ട് , മൂന്നു പേര്‍ക്ക് രോഗം പകരുന്നു. അത്തരത്തില്‍ രോഗം പകര്‍ന്നു കഴിഞ്ഞാല്‍ അതിവേഗത്തിലാണ് രോഗികളുടെ എണ്ണം ഇരട്ടിയാവുക. ഈ രീതിയില്‍ വര്‍ധിച്ചു കഴിഞ്ഞാലുള്ള പ്രയാസം തീവ്രപരിചരണം വേണ്ടവര്‍ക്ക് എല്ലാവര്‍ക്കും അത് നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരു രാജ്യത്തിനും സൃഷ്ടിക്കാനാവില്ല എന്നതാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ ആരോഗ്യ മേഖല വളരെ മികവുറ്റതാണെങ്കിലും നമുക്കു പോലും സാധാരണഗതിയിലുള്ള വ്യാപനത്തിന്റെ തോത് ക്രമാതീതമായി വര്‍ധിച്ചു കഴിഞ്ഞാല്‍ തീവ്രപരിചരണം വേണ്ടവര്‍ക്കെല്ലാം അത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. അതുകൊണ്ട് സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന കാര്യം സമ്പര്‍ക്കത്തിലൂടെ ഉള്ള വ്യാപനത്തിന്റെ വേഗം നമ്മുടെ ആശുപത്രി സൗകര്യങ്ങളുടെ പരിധിക്കുള്ളില്‍ പിടിച്ചുകെട്ടി മുന്നോട്ട് പോവുക എന്നതാണ്. ഇന്ന് ലോകം മുഴുവന്‍ അംഗീകരിക്കുന്ന കേരളത്തിന്റെ ആരോഗ്യ മേഖലയുടെ മികവു കൊണ്ട് വളരെ താഴ്ന്ന മരണനിരക്കാണ് നമുക്കുള്ളത്. നമ്മുടെ സഹോദരങ്ങളെ ആരെയും മരണത്തിന് വിട്ടുകൊടുക്കില്ല. ഓരോരുത്തരുടെ ജീവനായി എന്ത് വിലകൊടുത്തും നമ്മള്‍ അവസാനം വരെ പോരാടും. അതിനുള്ള കഴിവ് നമ്മുടെ ആശുപത്രികള്‍ക്ക് ഉണ്ട്. അത് നിലനിര്‍ത്തണം എന്നുണ്ടെങ്കില്‍ നമ്മള്‍ സ്വയം നിയന്ത്രണങ്ങള്‍ക്ക് വിധേയമായേ പറ്റൂവെന്നും മന്ത്രി പറഞ്ഞു. അച്ചടക്കം പാലിക്കുമ്പോഴും ജീവിതം വഴിമുട്ടിപ്പോവരുത്. ആവശ്യമുള്ളവര്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും സഹായം ലഭ്യമാക്കണം. ഭക്ഷണം ഇല്ലാത്തവര്‍ക്ക് ഭക്ഷണം എത്തിക്കണം. ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാന്‍ കഴിയണം.
കേരളത്തില്‍ ഇതൊക്കെ എങ്ങനെ കഴിയുന്നു എന്ന് അത്ഭുതപ്പെടുന്നവരുണ്ട്. അതിന് നമ്മുടെ ഉത്തരമാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍. കേരളത്തിലെ ഓരോ പ്രദേശത്തും പ്രാദേശിക സര്‍ക്കാര്‍ ഉണ്ട്. പേരിലുള്ള സര്‍ക്കാരുകള്‍ അല്ല, അധികാരവും പണവും ഉള്ള സ്ഥാപനങ്ങളായാണ് അവ നിലനിര്‍ത്തിയിരിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ആരോഗ്യ വകുപ്പിനും ഉദ്യോഗസ്ഥര്‍ക്കും എല്ലാം ചേര്‍ന്ന് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുമെന്ന് നമുക്ക് ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിജ്ഞയെടുക്കാമെന്ന് ധനമന്ത്രി പറഞ്ഞു.
എ എം ആരിഫ് എംപി, ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, മല്‍സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍, നഗരസഭാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നെടുമുടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ എന്‍ മനോജ് പരേഡ് നയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പൊതുജനങ്ങള്‍ക്ക് ചടങ്ങിന് പ്രവേശനം ഉണ്ടായിരുന്നില്ല. റിസര്‍വ് പോലിസ്, ലോക്കല്‍ പോലിസ്, എക്‌സൈസ് വിഭാഗങ്ങള്‍ മാത്രമാണ് ഔപചാരിക പരേഡില്‍ പങ്കെടുത്തത്. മാര്‍ച്ച് പാസ്റ്റുും ഒഴിവാക്കിയിരുന്നു. മൂന്നു ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, രണ്ട് പാരാമെഡിക്കല്‍ ജീവനക്കാര്‍ , രണ്ട് ശുചിത്വ തൊഴിലാളികള്‍, കൊവിഡ് രോഗവിമുക്തി നേടിയ വ്യക്തികള്‍ എന്നിവരെ ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളാക്കിയിരുന്നു.