വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി കത്തികാട്ടി സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം

മുഖത്ത് അടിച്ചശേഷം എടുത്ത് അകത്തേക്ക് കൊണ്ടുപോയി അതിക്രമത്തിന് ശ്രമിച്ചു. ഇതിനിടെ എങ്ങനെയോ രക്ഷപ്പെട്ട് വീടിന്റെ പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു.

Update: 2022-07-29 15:20 GMT

മാള: രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. മാളക്കടുത്തൊരു സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് സംഭവം. സംഭവത്തില്‍ മാള പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് ആക്രമണത്തിനിരയായ സ്ത്രീ പോലിസിനോട് പറഞ്ഞതിങ്ങനെയാണ്. സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിനോട് രാത്രി വീടിന് പുറത്തെ അടുക്കളപ്പുരയില്‍നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണ്‍ വെച്ചശേഷം തൊട്ടടുത്ത് ഒരാള്‍ നില്‍ക്കുന്നതാണ് കണ്ടത്. മഴക്കോട്ട് ധരിച്ചയാളോട് ആരാണെന്ന് ചോദിച്ചപ്പോള്‍ മുടിയില്‍ കുത്തിപ്പിടിച്ച് ചെറിയ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ കൈയില്‍ കത്തികൊണ്ട് മുറിവേറ്റു. മുഖത്ത് അടിച്ചശേഷം എടുത്ത് അകത്തേക്ക് കൊണ്ടുപോയി അതിക്രമത്തിന് ശ്രമിച്ചു. ഇതിനിടെ എങ്ങനെയോ രക്ഷപ്പെട്ട് വീടിന്റെ പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു. അയല്‍വാസികളെ അറിയിച്ചതിനെത്തുടര്‍ന്ന് അവരാണ് പോലിസിനെ അറിയിച്ചത്. വിരലടയാളവിദഗ്ധരും പോലിസ് നായയും തെളിവെടുപ്പ് നടത്തി. അക്രമിക്ക് 50 വയസ്സ് തോന്നുമെന്നും മുന്‍പരിചയമില്ലെന്നും ഇവര്‍ പോലിസിനോട് പറഞ്ഞു. സംഭവത്തിന് കുറച്ചുമുന്‍പ് മൂന്നു കിലോമീറ്റര്‍ അകലെ ഒരു വീട്ടില്‍ മഴക്കോട്ട് ധരിച്ച അജ്ഞാതനായ ആളെത്തിയതായും പറയുന്നുണ്ട്. രണ്ടു സംഭവത്തിലും എത്തിയത് ഒരാള്‍ തന്നെയാണോയെന്ന സംശയത്തോടെയാണ് പോലിസ് അന്വേഷണം നടത്തുന്നത്.

Tags:    

Similar News