കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം പള്ളിക്കല്‍ സ്വദേശിനി
പ്രമേഹം, രക്തസമ്മര്‍ദം, വൃക്ക സംബന്ധമായ രോഗം എന്നിവ അലട്ടിയിരുന്ന നഫീസ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്.
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് (52) മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി. പ്രമേഹം, രക്തസമ്മര്‍ദം, വൃക്ക സംബന്ധമായ രോഗം എന്നിവ അലട്ടിയിരുന്ന നഫീസ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 24നാണ് നഫീസയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി.
ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്ലാസ്മ തെറാപ്പി നല്‍കി. ചികില്‍സയോട് പ്രതികരിക്കാതെ ആഗസ്ത് എട്ടിന് രാവിലെ നഫീസ മരണത്തിന് കീഴടങ്ങി. ഇവരുടെ കുടുംബാംഗങ്ങളായ നാലുപേര്‍ കൊവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധചികില്‍സയിലാണ്.