ലോക്നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടു; പോലിസുകാര്‍ക്ക് നില്‍പ്പ് ശിക്ഷ നല്‍കിയെന്ന് ആരോപണം
രാത്രിയില്‍ സംഭവം അറിഞ്ഞ പോലിസ് ഓഫീസര്‍മാരുടെ സംഘടന നേതാക്കളും മറ്റും ഇടപെട്ട് അനുനയിപ്പിച്ച ശേഷമാണ് ആറു ഉദ്യോഗസ്ഥര്‍ക്കും ശിക്ഷയില്‍ ഇളവ് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരം നടപടി കൈക്കൊണ്ട ഡിജിപിയുടെ നീക്കത്തിനെതിരെ പോലിസുകാര്‍ക്കിടയില്‍ തന്നെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം: വീട്ടിലേക്ക് മടങ്ങവെ ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടതിന് നാലു അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും രണ്ടു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അര്‍ധരാത്രി വരെ നില്‍പ്പ് ശിക്ഷയും ശകാരവും ലഭിച്ചതായി റിപ്പോര്‍ട്ട്. കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ എച്ച്ആര്‍ വിഭാഗം മേധാവിയാണ് ഡിജിപി ലോക്നാഥ് ബെഹ്‌റയുടെ ഭാര്യ.
തിങ്കളാഴ്ച വൈകീട്ടാണ് വിവാദമായ സംഭവം. ഗവര്‍ണറുടെ വാഹനം ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി ബൈപ്പാസിലും പേട്ട ചാക്ക റോഡിലും പത്തുമിനിട്ടോളം വാഹനങ്ങള്‍ പോലിസ് തടഞ്ഞിരുന്നു. ഈ സമയം ഓഫിസില്‍ നിന്ന് കാറില്‍ വരുകയായിരുന്ന ഡിജിപിയുടെ ഭാര്യയും കുരുക്കില്‍പ്പെട്ടതായാണ് വിവരം. സംഭവം അറിഞ്ഞ ഉടനെ തിരുവനന്തപുരം സിറ്റി പൊലീസിന്റെ ട്രാഫിക്ക് നോര്‍ത്ത് സോണ്‍ അസിസ്റ്റന്റ് കമീഷണര്‍, സൗത്ത് സോണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍, സിറ്റി പോലിസിലെ തന്നെ മറ്റു രണ്ടു അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, രണ്ടു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരോട് പോലിസ് ആസ്ഥാനത്ത് എത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഗതാഗത കുരുക്ക് പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ഇവരോട് ചോദിച്ച ഡിജിപി, പോലിസ് തന്നെ ഗതാഗത കുരുക്ക് ഉണ്ടാക്കുന്നത് എന്തിനാണെന്നും ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അറിയില്ലെങ്കില്‍ ജോലി നിര്‍ത്തി പോകാനും ശാസിച്ചതായാണ് വിവരം. പ്രോട്ടോകോള്‍ പ്രകാരമാണ് വാഹനങ്ങള്‍ നിയന്ത്രിച്ചു ഗവര്‍ണറുടെ വാഹനം കടന്നുപോകാന്‍ വഴിയൊരുക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഗതാഗത കുരുക്ക് ഉണ്ടാക്കിയത്തിന് അര്‍ധരാത്രി വരെ ആറു ഉദ്യോഗസ്ഥര്‍ക്കും ഡിജിപി നില്‍പ് ശിക്ഷ നല്‍കിയതായി പറയുന്നു. രാത്രിയില്‍ സംഭവം അറിഞ്ഞ പോലിസ് ഓഫീസര്‍മാരുടെ സംഘടന നേതാക്കളും മറ്റും ഇടപെട്ട് അനുനയിപ്പിച്ച ശേഷമാണ് ആറു ഉദ്യോഗസ്ഥര്‍ക്കും ശിക്ഷയില്‍ ഇളവ് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരം നടപടി കൈക്കൊണ്ട ഡിജിപിയുടെ നീക്കത്തിനെതിരെ പോലിസുകാര്‍ക്കിടയില്‍ തന്നെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. ഗവര്‍ണറുടെ വാഹനം കടന്നു പോകാന്‍ വഴിയൊരുക്കിയില്ലെങ്കില്‍ വാഹനം ഗതാഗത കുരുക്കില്‍പെടുകയും അത് പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി നടപടി സ്വീകരിക്കാതെ കൃത്യവിലോപം നടത്തിയെന്ന് പരാതി ഉയരാനും സാധ്യതയുള്ളതിനാലാണ് ഗതാഗതം നിയന്ത്രിച്ചതെന്ന് പോലിസുകാര്‍ പറയുന്നത്.