എറണാകുളത്ത് മല്‍സരിപ്പിക്കാം; കെ വി തോമസിനായി വലവിരിച്ച് ബിജെപി
കഴിഞ്ഞദിവസം ബിജെപി അംഗത്വം സ്വീകരിച്ച എഐസിസി സെക്രട്ടറിയായിരുന്ന ടോം വടക്കനെ മുന്‍നിര്‍ത്തിയാണ് ഇതിനുള്ള കരുക്കള്‍ നീക്കുന്നതെന്നാണ് സൂചന.
തിരുവനന്തപുരം: എറണാകുളത്ത് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന കെ വി തോമസിനെ ബിജെപി പാളയത്തിലെത്തിക്കാന്‍ കേന്ദ്രനേതൃത്വത്തിന്റെ തിരക്കിട്ട നീക്കം. എറണാകുളം സീറ്റില്‍ മല്‍സരിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് തോമസിനെ ബിജെപി സമീപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ബിജെപി അംഗത്വം സ്വീകരിച്ച എഐസിസി സെക്രട്ടറിയായിരുന്ന ടോം വടക്കന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം എന്നിവരെ മുന്‍നിര്‍ത്തി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇതിനുള്ള കരുക്കള്‍ നീക്കുന്നതെന്നാണ് സൂചന. കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ ഫോണ്‍വഴി കെ വി തോമസുമായി ബന്ധപ്പെട്ടതായും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എന്നിവരുമായി കെ വി തോമസിനുള്ള ബന്ധവും ഗുണകരമാവുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
അതേസമയം, കെ വി തോമസിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ആദ്യശ്രമം ഫലം കണ്ടില്ല. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും നിയമസഭാ സീറ്റും വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം തള്ളി. എറണാകുളത്ത് യുഡിഎഫ് പ്രചരണത്തിന് ഉണ്ടാവില്ലെന്ന് തന്നെ സന്ദര്‍ശിച്ച രമേശ് ചെന്നിത്തലയോട് കെ വി തോമസ് വ്യക്തമാക്കി. ഇന്നുരാവിലെ കെ വി തോമസിന്റെ ഡല്‍ഹിയിലെ വീട്ടില്‍ നടന്ന ചര്‍ച്ച അരമണിക്കൂറോളം നീണ്ടു. ചര്‍ച്ച നടത്തിയ ചെന്നിത്തലയോട് എന്തിനീ നാടകമെന്നാണ് രോഷാകുലനായി തോമസ് ചോദിച്ചത്. ചതിയില്‍ വീഴ്ത്തിയിട്ട് അശ്വസിപ്പിക്കാന്‍ നോക്കേണ്ട. തനിക്കറിയാം എന്തുവേണമെന്നും തോമസ് വ്യക്തമാക്കി.
ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ ഒരുക്കമല്ലെന്നും എറണാകുളത്ത് സീറ്റ് നല്‍കാതിരുന്നതില്‍ കടുത്ത അമര്‍ഷമാണുള്ളതെന്നും തോമസ് പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. സോണിയാ ഗാന്ധിയുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. എന്നാല്‍ ഇതിനോടുള്ള തോമസിന്റെ പ്രതികരണം അറിഞ്ഞ സോണിയാഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തോമസിനെ വസതിയിലേക്ക് വിളിപ്പിച്ചത്. പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുമോയെന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന വ്യക്തമായ മറുപടി കെ വി തോമസില്‍ നിന്ന് ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.