പെരിന്തല്‍മണ്ണ: ബിജെപിയുടെ നയം ഇന്ത്യ ഹിന്ദു രാജ്യമാക്കലാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഇവര്‍ പറയുന്നു ഇന്ത്യന്‍ പൗരന്‍മാര്‍ ആരെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന്. അതിന്റെ ഭാഗമാണ് പൗരത്വ നിയമം നടപ്പാക്കുന്നത്. എന്നാല്‍, ഈ നിയമം ഇവിടെ നടപ്പാക്കില്ലെന്ന് ഇന്ത്യയിലാദ്യമായി തന്റേടത്തോടെ പറഞ്ഞത് പിണറായി സര്‍ക്കാരാണെന്ന് പന്ന്യന്‍ പറഞ്ഞു.
എല്‍ഡിഎഫ് കീഴാറ്റൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിത് ഷാ പറയുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പൗരത്വനിയമം നടപ്പാക്കുമെന്നാണ്. എന്നാല്‍, ഇതിനെ ശക്തമായി എതിര്‍ക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തിന് പരിഹാരം കാണാന്‍ ഇതുവരെയും നരേന്ദ്രമോദി സര്‍ക്കാരിന് ആയിട്ടില്ലെന്നും പിന്നെങ്ങനെ കര്‍ഷകരെ ഇവര്‍ക്ക് രക്ഷിക്കാനാവുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു.
അഡ്വ.എം രാജേഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി നാസര്‍ ഡിബോണ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി ശശികുമാര്‍, ഏരിയാ സെക്രട്ടറി വി അജിത് കുമാര്‍, എന്‍ നിതീഷ്, കെ ബാലസുബ്രഹ്മണ്യന്‍, തുളസീദാസ് മേനോന്‍, വി ജ്യോതിഷ്, ഖാലിദ് മഞ്ചേരി, നാസര്‍ ഖാന്‍, സുബ്രഹ്മണ്യന്‍, അഡ്വ. ഷാജു എന്നിവര്‍ സംസാരിച്ചു. പമ്പൂര്‍ പത്തൊമ്പതില്‍നിന്നും തുടങ്ങിയ റാലി ആക്കപ്പറമ്പില്‍ സമാപിച്ചു.