ഓണച്ചെലവിന് കർഷകരിൽ നിന്ന് പണപ്പിരിവ്; വകുപ്പുതല അന്വേഷണ റിപോർട്ട് ഇന്ന്

സംഭവം വിവാദമായതോടെ പണം തിരികെ നൽകി ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ വനപാലകർ നടത്തുന്നതായി റിപോർട്ടുണ്ട്.

Update: 2021-08-20 02:16 GMT

കട്ടപ്പന: ഏലം കർഷകരിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഷാൻട്രി ടോം ഇന്ന് അന്വേഷണ റിപോർട്ട് സമർപ്പിക്കും. കോട്ടയം വിജിലൻസ് കൺസർവേറ്റർക്കാണ് റിപോർട്ട് നൽകുക.

അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി ഫ്‌ളയിങ് സ്ക്വാഡ് ഡിഎഫ്ഒ പുളിയന്മല, വണ്ടൻമേട് സെക്ഷൻ ഓഫീസുകളിലെത്തി പരിശോധന നടത്തിയിരുന്നു. കൂടാതെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. കുമളി റേഞ്ച് പുളിയൻമല സെക്‌ഷനിലെ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ രാജു എന്നിവരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ പണം തിരികെ നൽകി ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ വനപാലകർ നടത്തുന്നതായി റിപോർട്ടുണ്ട്. കർഷകരിൽ നിന്ന് ആയിരം മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയത്. പുളിയൻമലയിലെ തോട്ടമുടമയുടെ പക്കൽ നിന്ന് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വനം മന്ത്രി എ കെ ശശീന്ദ്രൻ നടപടിയെടുക്കുകയായിരുന്നു.


Similar News