നിയമ വിരുദ്ധ സർവീസ് നടത്തിയ ബസ് മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസി അധികൃതരും ചേർന്ന് പിടികൂടി
കഴക്കൂട്ടത്ത് സമാന്തര സർവീസ് പിടികൂടുന്നതിനായി പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സർക്കാർ ജീവനക്കാരുമായി എത്തിയ സ്വകാര്യ മിനി ബസ് പിടികൂടിയത്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് എന്ന പേരിൽ നിയമ വിരുദ്ധ സർവീസ് നടത്തിയ ബസ് മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസി അധികൃതരും ചേർന്ന് പിടികൂടി. കഴക്കൂട്ടത്ത് സമാന്തര സർവീസ് പിടികൂടുന്നതിനായി പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സർക്കാർ ജീവനക്കാരുമായി എത്തിയ സ്വകാര്യ മിനി ബസ് പിടികൂടിയത്. സെക്രട്ടേറിയറ്റ് എന്ന ബോർഡ് വച്ചാണ് ബസ് എത്തിയത്. അതേസമയം ബസിൽ ഉണ്ടായിരുന്ന സെക്രട്ടേറിയറ്റ് ജീവനക്കാർ മോട്ടോർ വാഹന വകുപ്പ് - കെഎസ്ആർടിസി അധികൃതരെ കയ്യേറ്റം ചെയ്‌തതായും പരാതിയുണ്ട്.
നഗരത്തിലെ വിവിധ സർക്കാർ ഓഫിസുകളിലെ ജീവനക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ ഇറക്കിയ ശേഷം ബസിന് ചെക്ക് റിപ്പോർട്ട് നൽകാൻ എഎംവിഐ ശ്രമിക്കുന്നതിനിടെ ബസിലുണ്ടായിരുന്ന ചിലർ എഎംവിഐയെയും കെഎസ്ആർടിസി ഇൻസ്പെക്‌ടറെയും കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് ഡ്രൈവർ അറിയിച്ചെങ്കിലും അത് തെളിയിക്കുന്ന രേഖകൾ ഡ്രൈവറുടെ പക്കൽ ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരുടെ പരാതിയിൽ കണ്ടാലറിയാവുന്ന സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെ കൻ്റോൺമെൻ്റ് പോലിസ് കേസെടുത്തു.
സർക്കാർ ജീവനക്കാർക്കായി കെഎസ്ആർടിസി ബസ് ഓൺ ഡിമാൻഡ് സർവീസ് നടത്തുന്നുണ്ട്. ജീവനക്കാർ ഈ സർവീസുകൾ ഉപയോഗിക്കണമെന്നും സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് മറികടന്ന് നിരവധി സമാന്തര സർവീസുകളാണ് സെക്രട്ടേറിയറ്റ് ജീവനക്കാർക്കും മറ്റുമായി നടക്കുന്നത്. ഇവക്കെതിരെ നടപടി ശക്തമാക്കാൻ കെഎസ്ആർടിസിയും മോട്ടോർ വാഹന വകുപ്പും തീരുമാനിച്ചിരുന്നു.