നിരത്തുണര്‍ന്നിട്ടും കട്ടപ്പുറത്തായി ലോ ഫ്ളോര്‍ ബസുകള്‍

കട്ടപ്പുറത്തുള്ള വണ്ടികളില്‍ നിന്ന് പാര്‍ട്സുകള്‍ ഊരിയെടുത്താണ് സര്‍വീസ് വണ്ടികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്.

Update: 2020-10-15 08:00 GMT

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയും പൊതുഗതാഗതം തുറക്കുകയും ചെയ്തിട്ടും നിരത്തു കാണാതെ ലോ ഫ്ളോര്‍ ബസുകള്‍. ലോക്ക് ഡൗണില്‍ ഡിപ്പോകളിലേക്ക് കയറ്റിയ ബസുകള്‍ പിന്നീട് പുറംലോകം കണ്ടിട്ടില്ല. തുരുമ്പുപിടിച്ചും ബാറ്ററി നശിച്ചും പല ബസുകളും ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.ചില ബസുകളില്‍ കാടുംപടലും കയറി. അമിത ഇന്ധനച്ചെലവിനുപുറമേ വഴിയില്‍ ബ്രേക്ക് ഡൗണാകുന്നതും പതിവായിരുന്ന ബസുകളാണിവയില്‍ ബഹുഭൂരിപക്ഷവും. ഒരു ലിറ്റര്‍ ഡീസലില്‍ മറ്റുബസുകള്‍ നാലര കിലോമീറ്റര്‍ ഓടുമ്പോള്‍ ലോഫ്ളോര്‍ ബസുകള്‍ക്ക് മൂന്നു കിലോമീറ്ററാണ് ഇന്ധനക്ഷമത.

മാത്രവുമല്ല, പഴക്കംചെന്നവ പലപ്പോഴും വഴിയില്‍ കിടപ്പുമായിരുന്നു. കട്ടപ്പുറത്തുള്ള വണ്ടികളില്‍ നിന്ന് പാര്‍ട്സുകള്‍ ഊരിയെടുത്താണ് സര്‍വീസ് വണ്ടികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. കെ.യു.ആര്‍.ടി.സിയാണ് ലോ ഫ്ളോര്‍ എസി, നോണ്‍ എസി ബസുകള്‍ പരിപാലിച്ചുവരുന്നത്. സംസ്ഥാനത്ത് 720 ബസുകളാണ് ഇവരുടെ അധീനതയിലുള്ളത്.

ഡ്രൈവറെയും കണ്ടക്ടറെയും കെ.എസ്.ആര്‍.ടി.സിയാണ് നല്‍കിയിരുന്നത്. വണ്ടികള്‍ ഓട്ടം നിര്‍ത്തിയതോടെ ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സിയിലേക്ക് മടങ്ങി. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയും സര്‍വീസുകള്‍ ഭാഗികമായി മാത്രം നടത്തുന്നതിനാല്‍ ഇവര്‍ക്കും പലദിവസവും ജോലിയില്ലാത്ത അവസ്ഥയാണ്. ബാറ്ററികള്‍ നശിച്ചുപോകാതിരിക്കാന്‍ ഇടയ്ക്കൊക്കെ വണ്ടി ഓടിച്ചു നോക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കോവിഡ് കാലത്ത് എസി ബസുകള്‍ ഓടിക്കാന്‍ കഴിയുകയില്ലെന്നും ആവശ്യം വരുന്ന മുറയ്ക്ക് നോണ്‍ എസി ബസുകള്‍ ഓടിക്കാന്‍ സജ്ജവുമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്

Tags:    

Similar News