പെരിയ ഇരട്ടക്കൊലയില്‍ സിബിഐ: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്‌ലാലിനെയും ഒരുസംഘം കൊലപ്പെടുത്തിയത്.

Update: 2020-11-17 01:43 GMT

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സീല്‍വച്ച കവറില്‍ ഒരു റിപോര്‍ട്ട് സിബിഐ സുപ്രിംകോടതിയില്‍ നല്‍കിയിട്ടുണ്ട്. സിബിഐ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാതിരിക്കുകയും സിബിഐയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൂടാതെ സിബിഐ ആവശ്യപ്പെട്ട രേഖകള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിരുന്നില്ല.

അന്വേഷണവുമായി മുന്നോട്ടുപോവുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവുമില്ല, കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറിയില്ല തുടങ്ങിയ വിവരങ്ങള്‍ ഈ റിപോര്‍ട്ടിലുണ്ടെന്നാണ് വിവരം. സിബിഐ നിലപാട് തന്നെയാവും കേസില്‍ നിര്‍ണായകമാവുക. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം എന്തിനെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന ചോദ്യം. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്‌ലാലിനെയും ഒരുസംഘം കൊലപ്പെടുത്തിയത്. കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവായത് 2019 സപ്തംബര്‍ 30നാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച സിംഗിള്‍ ബെഞ്ച് കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.

എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സിബിഐയുടെ തിരുവനന്തപുരം യൂനിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല. ഇതിനിടെ അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

Tags:    

Similar News