തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം: സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.തദ്ദേശ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നുതവണ അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളെ പൊതുവിഭാഗത്തിലേക്ക് മാറ്റി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം സംബന്ധിച്ച് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നുതവണ അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളെ പൊതുവിഭാഗത്തിലേക്ക് മാറ്റി വീണ്ടും അധ്യക്ഷ സ്ഥാനം സംബന്ധിച്ച് നറുക്കെടുപ്പ് നടത്തണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.ഇതു ചോദ്യം ചെയ്തുകൊണ്ടാണ് സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍ണയിക്കപ്പെട്ട സംവരണ അധ്യക്ഷ സ്ഥാനം പുനര്‍നിര്‍ണയിക്കുകയെന്നത് പ്രയാസകരമാണെന്നും അങ്ങനെ ചെയ്താല്‍ അമ്പതു ശതമാനം സംവരണമെന്ന അനുപാതത്തില്‍ തന്നെ മാറ്റമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വാദിച്ചു.
സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദം പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.വരുംകാല തിരഞ്ഞെടുപ്പുകളില്‍ ഇത്തരം പ്രക്രിയകള്‍ നേരത്തെ തന്നെ ചെയ്യണമെന്നും പരാതികള്‍ ഉന്നയിക്കുന്നതിന് സമയം നല്‍കണമെന്നും കോടതി സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കി.