ക്ലാറ്റ് അപേക്ഷ 13 മുതല്‍; കേരളത്തില്‍ കൊച്ചിയിലെ നുവാല്‍സില്‍

പട്ടികജാതി /വര്‍ഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് /തുല്യ ഗ്രേഡ് മതി

Update: 2019-01-11 12:32 GMT


കോഴിക്കോട്: ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള ക്ലാറ്റിനു(കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്) കേരളം ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ 2019 മെയ് 12ന് നടക്കും. ഒഡിഷ നാഷനല്‍ ലോ യൂനിവേഴ്‌സിറ്റിയാണ് 2019ലെ ക്ലാറ്റ് നടത്തുന്നത്. കേരളത്തില്‍ കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ പ്രവേശനം ക്ലാറ്റ് വഴിയാണ്. പഞ്ചവല്‍സര ബിഎഎല്‍എല്‍ബി ഓണേഴ്‌സ്, ഒരു വര്‍ഷത്തെ എല്‍എല്‍എം പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ 21 ദേശീയ നിയമ സര്‍വകലാശാലകളിലെ നിയമ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷ വൈകീട്ട് മൂന്നു മുതല്‍ 5 വരെയാണ് നടക്കുക. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 31 ആണ്. അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് നിയമ ബിരുദപഠനത്തിന് ക്ലാറ്റ് യുജി ടെസ്റ്റാണ് അഭിമുഖീകരിക്കേണ്ടത്. ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ 45 ശതമാനം മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ പ്ലസ് ടു/ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ ബോര്‍ഡ് പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി /വര്‍ഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് /തുല്യ ഗ്രേഡ് മതി. 2019 മാര്‍ച്ച്/ ഏപ്രില്‍ മാസത്തില്‍ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ക്ലാറ്റ് പിജി ഏകവര്‍ഷ എല്‍എല്‍എം കോഴ്‌സ് പ്രവേശനത്തിനാണ് നടത്തുന്നത്. 55 ശതമാനം മാര്‍ക്ക്/തുല്യ ഗ്രേഡില്‍ കുറയാതെ (എസ്‌സി/എസ്ടിക്കാര്‍ക്ക് 50 ശതമാനം മതി) നിയമ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2019 ഏപ്രില്‍-മെയ് മാസത്തില്‍ യോഗ്യത പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. പരീക്ഷ സിലബസ് വെബ്‌സൈറ്റില്‍ ലഭിക്കും. കൊച്ചിക്കു പുറമെ ബെംഗളൂരു, ഹൈദരാബാദ്, ഭോപാല്‍, കൊല്‍ക്കത്ത, ജോധ്പുര്‍, ഗാന്ധിനഗര്‍, ലഖ്‌നൗ, പഞ്ചാബ്, നാഗ്പുര്‍, പട്‌ന, ഒഡിഷ(കട്ടക്), റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, ഔറംഗാബാദ് മുതലായ സ്ഥലങ്ങളിലാണ് മറ്റു സര്‍വകലാശാലകളുള്ളത്. വിശദ വിവരങ്ങള്‍ www.clatconsortiumofnlu.ac.in എന്ന സൈറ്റിലും epw clat2019@nls.ac.in എന്ന ഇ-മെയിലിലും 8480718979, 9741521069, 9482567257 എന്നീ നമ്പറുകളിലും ലഭിക്കും.




Tags:    

Similar News