വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരനായ പടനായകൻ: മുഖ്യമന്ത്രി

അദ്ദേഹത്തെ ആദരിച്ചുകൊണ്ടാണ് എല്ലാക്കാലത്തും മുന്നോട്ടുപോയിട്ടുള്ളത്. അത് ആ നിലയില്‍ തുടരും.

Update: 2020-06-23 13:45 GMT

തിരുവനന്തപുരം: വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായി പോരാടിയ നമ്മുടെ നാട്ടിലെ പടനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് നമ്മളോര്‍ക്കണം. അദ്ദേഹത്തെ ആദരിച്ചുകൊണ്ടാണ് എല്ലാക്കാലത്തും മുന്നോട്ടുപോയിട്ടുള്ളത്. അത് ആ നിലയില്‍ തുടരും. സിനിമ സംബന്ധിച്ചിട്ടുള്ള വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ സിനിമയാക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നടന്‍ പൃഥ്വിക്കെതിരേ സംഘപരിവാറിൻ്റെ സൈബര്‍ ആക്രമണം ശക്തമായതോടെയാണ് വിഷയം വിവാദമായത്. ഇത് സ്വാതന്ത്ര്യസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. ചിത്രത്തില്‍നിന്ന് പൃഥ്വി പിന്മാറണമെന്ന ആവശ്യവും ശക്തമാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരില്‍ കേരളചരിത്രത്തില്‍ സ്ഥാനം പിടിച്ച സംഭവമാണ് 1921-ലെ മലബാര്‍ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ നായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അക്കാലത്ത് ബ്രിട്ടീഷുകാര്‍ അവരുടെ പ്രധാന ശത്രുവായി കണ്ടത് ഹാജിയെയായിരുന്നു.

Tags:    

Similar News