കൊറോണ: എറണാകുളത്ത് 16 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
ഇന്നലെ വൈകിട്ട് 6 മണിക്ക് ശേഷം 21 സാമ്പിളുകളാണ് ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ചത്. രാത്രിയും ഇന്ന് രാവിലെയുമായി 16 പരിശോധന ഫലങ്ങള്‍ ലഭിച്ചത്
കൊച്ചി: കൊറോണ രോഗബാധ സംശയത്തെ തുടര്‍ന്ന് എറണാകുളത്ത് നിന്നും പരിശോനയ്ക്കായി അയച്ച 16 പേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.ആലപ്പുഴ വൈറോറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.ഇന്നലെ വൈകിട്ട് 6 മണിക്ക് ശേഷം 21 സാമ്പിളുകളാണ് ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ചത്. രാത്രിയും ഇന്ന് രാവിലെയുമായി 16 പരിശോധന ഫലങ്ങള്‍ ലഭിച്ചത്.
ജില്ലയിലെ മുഴുവന്‍ സെക്കണ്ടറി പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കുമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും, പാലിയേറ്റീവ് കെയര്‍ രോഗികളുടെ ചികില്‍സയിലും പരിചരണത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി മാര്‍ഗനിര്‍ദേശം നല്‍കി. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സവിത, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് നുമ്പേലി, ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റ് ഡോ. രാകേഷ് തുടങ്ങിയവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
ജില്ലയിലെ 56 പാലിയേറ്റിവ് കെയര്‍ ഡോക്ടര്‍മാരും നഴ്‌സ്മാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം സജീവമാണ്. പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും നെഹ്‌റു യുവകേന്ദ്രയുടെ സന്നദ്ധ പ്രവര്‍ത്തകരും ഇവിടെ സേവനമനുഷ്ടിക്കുന്നു.