കൊറോണ:എറണാകുളത്ത് 257 പേര്‍ കൂടി നിരീക്ഷണത്തില്‍; വിദേശത്ത് നിന്നെത്തിയ 31 പേരെ ആശുപത്രിയില്‍ ആക്കി

ഇതില്‍ 149 പേരും കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ എറണാകുളം ജില്ലയില്‍ മാര്‍ച്ച് 6 മുതല്‍ 8 വരെ തങ്ങിയപ്പോള്‍ അദ്ദേഹവുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാകാം എന്ന അനുമാനത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. 80 പേര്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് സ്‌ക്രീനിംഗ് വഴി ലഭിച്ചവരും 28 പേര്‍ നേരിട്ട് ആശുപത്രികളില്‍ എത്തിയവരുമാണ്

Update: 2020-03-17 13:40 GMT

കൊച്ചി: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ എറണാകുളത്ത് ഇന്ന് 257 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതില്‍ 149 പേരും കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ എറണാകുളം ജില്ലയില്‍ മാര്‍ച്ച് 6 മുതല്‍ 8 വരെ തങ്ങിയപ്പോള്‍ അദ്ദേഹവുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാകാം എന്ന അനുമാനത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. 80 പേര്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് സ്‌ക്രീനിംഗ് വഴി ലഭിച്ചവരും 28 പേര്‍ നേരിട്ട് ആശുപത്രികളില്‍ എത്തിയവരുമാണ്.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്ന് ഒരാളെ പുതിയതായി പ്രവേശിപ്പിച്ചു. 10 പേരെ ഇന്ന് ഇവിടെനിന്നു ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ 21 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 14 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും 7 പേര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയിലുമാണ്. ജില്ലയില്‍ നിന്ന് ഇന്ന് 23 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത് . ഇതോടെ ജില്ലയില്‍ നിന്ന് അയച്ച സാമ്പിളുകളുടെ എണ്ണം 440 ആയി. ഇതില്‍ 397 എണ്ണത്തിന്റെ ഫലം ഇതുവരെ ലഭിച്ചു. ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 282 പേര്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കി.

ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ച വരെ കൊച്ചി വിമാനത്താവളത്തില്‍ 24 രാജ്യന്തര ഫ്‌ളൈറ്റുകളിലെ 2341 യാത്രക്കാരെ പരിശോധിച്ചു. ഇതില്‍ 31 പേരെ രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് നിരീക്ഷണത്തിനായി ആശുപത്രികളിലേക്ക് മാറ്റി. ഇതില്‍ കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്ന് അല്ലാത്തവരും ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതിരുന്ന 37 പേരെ അവരവരുടെ വീടുകളിലേക്ക് നിരീക്ഷണത്തിനായി വിട്ടു. എയര്‍പോര്‍ട്ടില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളില്ലാണ് ഇവരെ വീടുകളില്‍ എത്തിക്കുന്നത്. രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വന്നവരായതിനാലാണ് ഇപ്രകാരം ചെയ്യുന്നത്. 

Tags:    

Similar News