കൊവിഡ് നിരക്ക് വര്‍ധിക്കുന്നു: കേരളത്തിലേക്ക് കേന്ദ്ര പ്രതിനിധി സംഘം

കേരളത്തിന് പുറമേ കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്കും സംഘമെത്തും.

Update: 2020-10-17 05:30 GMT

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര പ്രതിനിധി സംഘമെത്തുന്നു. കണ്ടെയ്ന്‍മെന്റ്, നിരീക്ഷണം, പരിശോധന, രോഗവ്യാപന നിയന്ത്രണ നടപടികള്‍, രോഗബാധിതരുടെ ചികിത്സ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുക, സമയബന്ധിതമായ രോഗനിര്‍ണയവും തുടര്‍നടപടികളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും മാര്‍ഗനിര്‍ദേശം നല്‍കുക എന്നിവയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് വിവരം. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം പ്രതിനിധികളാണ് എത്തുന്നത്.

കേരളത്തിന് പുറമേ കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്കും സംഘമെത്തും. ഓരോ സംഘത്തിലും ഒരു ജോയിന്റ് സെക്രട്ടറി (അതത് സംസ്ഥാനത്തിന്റെ നോഡല്‍ ഓഫീസര്‍), പൊതുജനാരോഗ്യകാര്യങ്ങള്‍ പരിശോധിക്കാന്‍ പൊതുജനാരോഗ്യ വിദഗ്ദ്ധന്‍, രോഗബാധ തടയാനുള്ള നടപടികള്‍ സ്വീകരിക്കാനായും സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന ചികിത്സാനിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കാനായുമുള്ള ആരോഗ്യവിദഗ്ധന്‍ എന്നിവരുണ്ടാകും.

കേരളത്തിലെ ആകെ രോഗബാധിതര്‍ 3,17,929 ആണ്, ഇത് രാജ്യത്തെ ആകെ രോഗികളുടെ 4.3% ആണ്. ദശലക്ഷത്തിലെ രോഗികള്‍ 8906 ആണ്. ആകെ രോഗമുക്തര്‍ 2,22,231. ചികിത്സയിലുള്ളത് 94,609 പേരാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 1089. മരണനിരക്ക് 0.34 ശതമാനവും ദശലക്ഷത്തിന് 31 മരണവുമാണ്. കര്‍ണാടകത്തില്‍ ആകെ 7,43,848 പേര്‍ക്കാണ് രോഗം ബാധിച്ചത്. ദേശീയതലത്തിലെ 10.1 ശതമാനം. ദശലക്ഷം ജനസംഖ്യയില്‍ 11,010 കേസുകളാണുള്ളത്. 6,20,008 രോഗികള്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 83.35%. ചികിത്സയിലുള്ളത് 1,13,557 പേര്‍. (ദേശീയതലത്തിലെ 14.1%). 10,283 മരണവും 1.38% മരണനിരക്കും റിപ്പോര്‍ട്ട് ചെയ്തു. ദശലക്ഷം ജനസംഖ്യയില്‍ 152 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജസ്ഥാനില്‍ ആകെ 1,67,279 രോഗബാധിതരുണ്ട്. (രാജ്യത്താകെയുള്ള രോഗബാധിതരുടെ 2.3%). ദശലക്ഷത്തില്‍ 2,064 രോഗികള്‍. രോഗമുക്തി നിരക്ക് 86.07%. 1,43,984 പേരാണ് രോഗമുക്തരായത്. നിലവില്‍ ചികിത്സയിലുള്ളത് 21,587 പേര്‍ (ദേശീയതലത്തിലുള്ളതിന്റെ 2.7%). മരണസംഖ്യ 1,708; മരണ നിരക്ക് 1.02%; ദശലക്ഷത്തിലെ മരണസംഖ്യ 21.

പശ്ചിമ ബംഗാളില്‍ ആകെ രോഗബാധിതര്‍ 3,09,417 (ദേശീയതലത്തിലുള്ളതിന്റെ 4.2%). ദശലക്ഷം ജനസംഖ്യയില്‍ 3,106 രോഗികള്‍. ആകെ രോഗമുക്തര്‍ 2,71,563. മുക്തിനിരക്ക് 87.77%. 31,984 പേരാണ് നിലവില്‍ ചികിത്സയില്‍. രാജ്യത്തുള്ളതിന്റെ 4 ശതമാനമാണിത്. ആകെ മരണം 5,870; മരണനിരക്ക് 1.90%, ദശലക്ഷത്തിലെ മരണം 59.

ഛത്തീസ്ഗഢില്‍ ആകെ 1,53,515 രോഗബാധിതര്‍(രാജ്യത്തുള്ളതിന്റെ 2.1%), ദശലക്ഷത്തിലെ രോഗികള്‍ 5,215. രോഗമുക്തര്‍ 1,23,943. മുക്തി നിരക്ക് 80.74%. ദേശീയ തലത്തിലുള്ളതിന്റെ 3.5% ആയ 28,187 പേരാണ് ചികിത്സയിലുള്ളത്. ആകെ 1385 മരണം; മരണനിരക്ക് 0.90%. ദശലക്ഷത്തില്‍ 47 മരണം.

Tags:    

Similar News