കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്: പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹരജി ഹൈക്കോടതി ചെലവ് സഹിതം തള്ളി

ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.പിഴത്തുക ആറാഴ്ചയ്ക്കകം കെല്‍സയില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

Update: 2021-12-21 06:16 GMT

കൊച്ചി: കൊവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ചിലവ് സഹിതം തള്ളി.കോട്ടയം,കടുത്തുരുത്തി സ്വദേശി പീറ്റര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.പിഴത്തുക ആറാഴ്ചയ്ക്കകം കെല്‍സയില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഹരജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യം മാത്രമാണുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ഇതില്‍ പൊതുതാല്‍പര്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി മോഡിയുടെ ഫോട്ടോ ഒഴിവാക്കണമെന്നും,മോഡിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ പതിക്കുന്നതിനു നിയമപരമായ സാധുതയില്ലെന്നും ചൂട്ടിക്കാട്ടിയായിരുന്നു ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വെയ്ക്കുന്നതില്‍ ലജ്ജിക്കുന്നതെന്നു ഹരജിയില്‍ വാദം നടക്കുന്നതിനിടയില്‍ കോടതി ഹരജിക്കാരനോട് ആരാഞ്ഞിരുന്നു മോഡി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലല്ലോ എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി എന്നത് രാജ്യത്തിന്റെ അധികാരിയാണെന്നും കോടതി ഓര്‍മിപ്പിച്ചിരുന്നു.

Tags:    

Similar News